സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ട് മരണം; നിസാരക്കാരനല്ല സൂര്യാഘാതം, എടുക്കാം മുന്‍കരുതലുകള്‍


സൂര്യാഘാതത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നലെ മരണപ്പെട്ടത് രണ്ടുപേരാണ്. പാലക്കാടും കണ്ണൂരുമാണ് മരണമുണ്ടായത്. സംസ്ഥാനത്ത് അടുത്ത ഒരാഴ്ച കൂടി ചൂട് കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതുകൊണ്ടുതന്നെ സൂര്യാഘാതത്തെ നിസാരമായി തള്ളികളയരുത്.

എന്താണ് സൂര്യാഘാതം

സൂര്യനില്‍ നിന്നുളള വികിരണങ്ങളേറ്റ് ശരീരകോശങ്ങള്‍ ക്രമാതീതമായി നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്നു. തലച്ചോര്‍, കരള്‍, വൃക്കകള്‍,ശ്വാസകോശം, ഹൃദയം തുടങ്ങിയ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിക്കുകയും ശരീരത്തിന്റെ നിര്‍ണ്ണായകമായ പല പ്രവര്‍ത്തനങ്ങളും തകരാറിലാകുകയും ചെയ്യും.

പ്രായമുളളവര്‍, ശിശുക്കള്‍, കുട്ടികള്‍, പ്രമേഹം, വൃക്കരോഗങ്ങള്‍, ഹൃദ്രോഗം മുതലായ രോഗമുളളവര്‍ എന്നിവര്‍ക്ക് ചെറിയ രീതിയില്‍ സൂര്യാഘാതമേറ്റാല്‍ പോലും ഗുരുതരമായ സങ്കീര്‍ണ്ണതകള്‍ ഉണ്ടാകാം. വെയിലത്ത് പണിയെടുക്കുന്നവര്‍, വെളളം കുറച്ച് കുടിക്കുന്നവര്‍, പോഷകാഹാര കുറവുളളവര്‍, തെരുവുകളിലും തുറസ്സായ സ്ഥലങ്ങളിലും താത്ക്കാലിക പാര്‍പ്പിടങ്ങളിലും താമസിക്കുന്ന അഗതികള്‍, കൂടുതല്‍ സമയവും പുറത്ത് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍, മദ്യപാനികള്‍ എന്നിവരും അപകട സാധ്യത കൂടിയവരില്‍ ഉള്‍പ്പെടുന്നു. അതുകൊണ്ടുതന്നെ സൂര്യാഘാതത്തിനെതിരെ മുന്‍കരുതല്‍ എടുക്കേണ്ടത് നിര്‍ബന്ധമാണ്.

മുന്‍ കരുതലുകള്‍

• ചൂടിന് കാഠിന്യം കൂടുമ്പോള്‍ ധാരാളം വെള്ളം കുടിക്കുക
• ദാഹം തോന്നിയില്ലെങ്കില്‍പ്പോലും ഓരോ മണിക്കൂര്‍ കൂടുമ്പോള്‍ 2-4 ഗ്ലാസ്സ് വെള്ളം കുടിക്കണം
• ധാരാളം വിയര്‍പ്പുള്ളവര്‍ ഉപ്പിട്ട കഞ്ഞിവെള്ളവും ഉപ്പിട്ട നാരങ്ങാവെള്ളവും കുടിയ്ക്കുക
• ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്നു മണി വരെയുള്ള സമയം വിശ്രമിക്കുക. രാവിലെയും വൈകീട്ടും കൂടുതല്‍ സമയം ജോലി ചെയ്യുക
• ചൂടുള്ള സമയങ്ങളില്‍ വീടിനകത്തോ മരത്തണലിലോ വിശ്രമിക്കുക
• പ്രായാധിക്യമുള്ളവരുടെയും കുഞ്ഞുങ്ങളുടെയും മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നവരുടെയും ആരോഗ്യകാര്യങ്ങള്‍ പ്രത്യേകം
• വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.

സൂര്യാഘാതം പൊള്ളലേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

• കൂടുതല്‍ സമയം വെയിലത്ത് ജോലിചെയ്യുന്നത് ഒഴിവാക്കുക
• ത്വക്കിലും ശരീരത്തിലും അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ വെയിലത്ത് നിന്ന് മാറി തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക,കൈകാലുകളും മുഖവും കഴുകുക, കുളിക്കുക
• പൊള്ളിയ ഭാഗത്ത് കുമിളകള്‍ ഉണ്ടെങ്കില്‍ പൊട്ടിക്കരുത്.
• ഡോക്ടറെ സമീപിച്ച് ചികിത്സയെടുക്കണം
• വെയിലുള്ള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേക്ക് മാറുക, വിശ്രമമെടുക്കുക
• തണുത്തവെള്ളം കൊണ്ട് ശരീരം തുടയ്ക്കുക, വീശുക, ഫാന്‍, എ.സി തുടങ്ങിയവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക
• ധാരാളം വെള്ളം കുടിക്കുക
• കട്ടികൂടിയ വസ്ത്രങ്ങള്‍ മാറ്റുക
• കഴിയുന്നതും വേഗം ആശുപത്രിയില്‍ എത്തിക്കുക.