യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌; അറ്റകുറ്റപ്പണികളുടെ ഭാഗമായി മാഹിപ്പാലം അടച്ചു


മാഹി: കോഴിക്കോട് – കണ്ണൂര്‍ ദേശീയ പാതയിലെ മാഹിപ്പാലം അറ്റകുറ്റപ്പണികളുടെ ഭാഗമായി അടച്ചു. ഇന്ന് മുതല്‍ മെയ് 10 വരെ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പാലം പൂർണ്ണമായും അടച്ചെങ്കിലും ഇരുഭാഗങ്ങളിലുമുള്ള നടപ്പാതയിലൂടെ കാൽനട യാത്രക്കാര്‍ക്ക് സഞ്ചരിക്കാം.

ഇന്ന് രാവിലെ 10 മണിയോടെയാണ് പാലം അടച്ചത്‌. പാലത്തിന്റെ ഉപരിതലത്തിലുള്ള ടാറിങ് ഇളക്കിമാറ്റുന്ന ജോലിയാണ് ഇന്ന് ആരംഭിച്ചത്‌. കോഴിക്കോട് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് വരുന്ന ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് മോന്താല്‍പ്പാലം വഴി പോകേണ്ടതാണ്.

തലശ്ശേരിയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ചൊക്ലി-മേക്കുന്ന്-മോന്താല്‍പ്പാലം വഴിയോ, മാഹിപ്പാലത്തിന്റെ അടുത്ത് നിന്നും ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങാടി വഴി മോന്താല്‍പ്പാലം വഴിയോ പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

1933ല്‍ നിര്‍മിച്ചതാണ് മാഹിപ്പാലം. നിലവില്‍ ബലക്ഷയം നേരിടുന്നതിനാലാണ് അറ്റക്കുറ്റപ്പണി നടത്തുന്നത്. കാലപ്പഴക്കം കാരണം പാലം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്‌. പുതിയ പാലം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 2004ല്‍ മാഹി പൊതുമരാമത്ത് വകുപ്പ് ഇതിനായി രൂപരേഖയുണ്ടാക്കിയിരുന്നു. എന്നാല്‍ പുതിയ പാലം കടലാസില്‍ മാത്രം ഒതുങ്ങിപ്പോവുവകയായിരുന്നു.