ഇത്തിരി കുഞ്ഞനാണെങ്കിലും കേമനാണ് ചിയ വിത്ത്; തടി കുറയ്ക്കാനും കൊളസ്ട്രോളിനെ ചെറുക്കാനും അത്യുത്തമം, അറിയാം ഗുണങ്ങൾ


പുതിന കുടുംബത്തിലെ പൂവിടുന്ന സസ്യമായ സാല്‍വിയ ഹിസ്പ്പാനിക്ക, സാല്‍വിയ കൊളംബേറിയ തുടങ്ങിയവയുടെ ഭക്ഷ്യയോഗ്യമായ വിത്തുകളാണ് ചിയ വിത്തുകള്‍. കൊളംബിയനു മുന്‍പുള്ള കാലഘട്ടത്തില്‍ ആസ്‌ടെക്കുകള്‍ ധാരാളമായി കൃഷി ചെയ്തിരുന്ന ഒരു വിളയും മെസോ അമേരിക്കന്‍ സംസ്‌കാരങ്ങളുടെ പ്രധാന ഭക്ഷണവുമായിരുന്നു ഇവ. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ ഘടനയ്ക്കും കൃഷി രീതി വളരുന്ന സാഹചര്യങ്ങള്‍ എന്നിവയ്ക്ക് അനുസരിച്ച് വിളയില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കും.

വലുപ്പത്തില്‍ ഏറെ ചെറുതാണെങ്കിലും ഗുണങ്ങള്‍ കൊണ്ട് മുന്‍ പന്തിയില്‍ നിര്‍ത്തേണ്ടതും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതുമായ ഒന്നുതന്നെയാണ് ചിയ വിത്തുകള്‍. ഇതിന്റെ ഉപയോഗത്തെയും ഗുണങ്ങളെയും കുറിച്ച് ഇന്നും പലര്‍ക്കും വ്യക്തമായ അറിവില്ലായെന്നതാണ് സത്യം. സോഡിയം, പൊട്ടാസ്യം, പ്രോട്ടീന്‍, അയേണ്‍, മഗ്നീഷ്യം, കാല്‍സ്യം, ഫോസ്ഫറസ്, സിങ്ക്, വിറ്റാമിന്‍ ബീ കോംപ്ലക്‌സ്, ആന്റി ഓക്‌സിഡന്‍സ് തുടങ്ങിയവയെല്ലാം ചിയ വിത്തില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്.

ഫൈബര്‍ കൂടുതലായതുകൊണ്ട് ഇത് വണ്ണം കുറക്കാന്‍ സഹായിക്കുന്നു. ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാനും ബ്ലഡ് പ്രഷര്‍ നിയന്ത്രിക്കാനും ചിയ വിത്തുകള്‍ ഉപയോഗിക്കാം. ഇവ എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കുന്നു. ബ്ലഡിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിക്കുകയും ബ്ലഡ് ഷുഗര്‍ ഉള്ള രോഗികള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ലഭിക്കാതെ പോവുന്ന പല വിറ്റാമിനുകളും മിനറലുകളും ഈ വിത്തുകളില്‍ നിന്ന് നേടാനും സാധിക്കുന്നു.

മല്‍സ്യങ്ങളില്‍ നിന്നും ലഭിക്കുന്ന ഒമേഗ ത്രീ, ഒമേഗ സിക്‌സ് എന്നീ ഫാറ്റി ആസിഡുകള്‍ അടങ്ങിയതിനാല്‍ വെജിറ്റേറിയന്‍സിനും ചിയ വിത്തുകളുടെ
ഉപയോഗം ഏറെ പ്രയോജനകരമാവുന്നു. വെള്ളത്തില്‍ കുതര്‍ത്തി നേരിട്ടോ മറ്റ് ഏതു ഭക്ഷണത്തിന്റെ കൂടെ ചേര്‍ത്തോ ഈ വിത്തുകള്‍ കഴിക്കാവുന്നതാണ്. നാരങ്ങാവെള്ളത്തില്‍ ചിയ വിത്തുകള്‍ ചേര്‍ത്ത് എനര്‍ജി ഡ്രിങ്കായി ഉപയോഗിക്കാം.

കുതര്‍ത്തിവെച്ച ചിയാവിത്തുകളെ ചെറു ചൂടുവെള്ളത്തില്‍ ചേര്‍ത്ത് ഉറങ്ങുന്നതിനു മുന്‍പ് കുടിക്കുന്നതുമൂലം ഉറക്കമില്ലായ്മ തടയുന്നു. ദഹനത്തെ സഹായിക്കാനും കൊളസ്ട്രാളിന്റെ അളവിനെ നിയന്ത്രിക്കാനും ചിയ വിത്തുകള്‍ ഉപയോഗിക്കാം. പൊടിച്ച ചിയ വിത്തുകളെ ശുദ്ധമായ എണ്ണയിലും തൈരിലും ചേര്‍ത്ത് ഫേസ് മാസ്‌ക് ആയി ഉപയോഗിക്കാം. ഉണങ്ങിയ ചിയ വിത്തില്‍ ആറ് ശതമാനം വെള്ളവും, നാല്‍പ്പത്തി രണ്ട് ശതമാനം കാര്‍ബോഹൈഡ്രേറ്റും, പതിനാറ് ശതമാനം പ്രോട്ടീനും, മുപ്പത്തിയൊന്ന് ശതമാനം കൊഴുപ്പും അടങ്ങിയിരിക്കുന്നു.