മതനിരപേക്ഷ ഇന്ത്യയെ ഫാസിസ്റ്റ് ഹിന്ദുത്വ രാഷ്ട്രമാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്; വടകരയിലെ എൽ.ഡി.എഫ് റാലിയിൽ സീതാറാം യെച്ചൂരി


വടകര: മതനിരപേക്ഷ ജനാധിപത്യ രാജ്യമായ ഇന്ത്യയെ ഫാസിസ്റ്റ്‌ ഹിന്ദുത്വ രാഷ്‌ട്രമാക്കണമെങ്കിൽ ഫെഡറിലസം ഇല്ലാതാക്കണമെന്നും അതിനാണ്‌ കേന്ദ്രം ശ്രമിക്കുന്നതെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വടകരയിൽ എൽ.ഡി.എഫിൻ്റെ തെരഞ്ഞെടുപ്പ്‌ റാലി ഉദ്‌ഘാടനം ചെയ്യുകായായിരുന്നു അദ്ദേഹം.

എല്ലാം ഏകീകരിച്ച്‌ കേന്ദ്രീകൃത അധികാരത്തിലേക്ക്‌ നീങ്ങാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതിനാണ്‌ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌ തുടങ്ങിയ മുദ്രാവാക്യങ്ങൾ കൊണ്ടുവന്നത്‌. ഒരു രാജ്യം, ഒരു ഭാഷ, ഒരു സംസ്‌കാരം, ഒരു നേതാവ്‌ എന്നതാണ്‌ അതിന്റെ സാരം. അധികാരങ്ങളെല്ലാം കേന്ദ്രത്തിൽ ചുരുക്കുന്നതിനായാണ്‌ സംസ്ഥാനങ്ങളും കേന്ദ്രവുമായുള്ള ബന്ധം തകർത്തത്‌. കേരളത്തിനു നേരെയുണ്ടായത്‌ ഇതാണ്‌. അവകാശമുള്ളത്‌ നേടിയെടുക്കാൻ കേരളത്തിന്‌ കോടതിയിൽ പോകേണ്ടി വന്നെന്നും യെച്ചൂരി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ്‌ ഒരക്ഷരം മിണ്ടാത്തതെന്താണ്. പൗരത്വ ഭേദഗതി നിയമത്തിനും ആർട്ടിക്കിൾ 379 റദ്ദാക്കിയതിനും എതിരെ കോടതിയിൽപോയ പാർടിയാണ്‌ സിപിഐഎം. ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ കേസിൽ പ്രതികളെ വിട്ടയച്ചതിനെതിരെ കോടതിയിൽ പോയതും സിപിഐഎമ്മാണ്‌. ഇലക്‌ടറൽ ബോണ്ടിനെ എതിർക്കുകയും വാങ്ങില്ലെന്ന്‌ പ്രഖ്യാപിക്കുകയും കോടതിയിൽ പോവുകയും ചെയ്‌തു. ആ നിലപാടിന്‌ അംഗീകാരമായാണ്‌ സുപ്രീകോടതി സിപിഐ എമ്മിനെ കേസിൽ കക്ഷിചേരാൻ അനുവദിച്ചതെന്നും യെച്ചൂരി പറഞ്ഞു.

അഡ്വ.സി.വിനോദൻ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ ഇ.കെ.വിജയൻ, അഹമ്മദ് ദേവർകോവിൽ, സിപിഐഎം ജില്ലാ സെക്രട്ടറി പി.മോഹനൻ, മനയത്ത് ചന്ദ്രൻ, സി.കെ.നാണു, വത്സൻ പനോളി, കെ.പി.ബിന്ദു, മുക്കം മുഹമ്മദ്, ടി.എൻ.കെശശീന്ദ്രൻ, ബാബു പറമ്പത്ത്, നിസാം വടകര എന്നിവർ സംസാരിച്ചു. ടി.പി.ബിനീഷ് സ്വാഗതം പറഞ്ഞു.