തെയ്യത്തെ നെഞ്ചോട് ചേര്‍ത്ത കലാകാരന്‍, വടകരയിലെ തെയ്യക്കാരില്‍ പ്രധാനി; ഉത്സവപ്രേമികള്‍ക്ക് തീരാനഷ്ടമായി മുയിപ്പോത്ത് അനീഷ് കുമാറിന്റെ മരണം


ചെറുവണ്ണൂര്‍: തെയ്യത്തെ നെഞ്ചോട് ചേര്‍ത്ത കലാകാരന്‍…കടത്തനാട്ടിലെ പ്രധാന തെയ്യക്കാരന്‍. അന്തരിച്ച തെയ്യം കലാകാരന്‍ മുയിപ്പോത്ത് അനീഷ് കുമാറിന്റെ കലാജീവിതത്തെക്കുറിച്ച് സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും പറയാനുള്ളത് ഇതാണ്. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അനീഷിന്റെ അപ്രതീക്ഷിത വിയോഗം.

ചെറുപ്രായത്തില്‍ തന്നെ മുയിപ്പോത്തുള്ള ക്ഷേത്രത്തില്‍ ചെണ്ട കൊട്ടിയാണ് അനീഷിന്റെ കലാജീവിതം ആരംഭിക്കുന്നത്. അച്ഛന്‍ ചന്തുപണിക്കറുടെ പാത പിന്തുടര്‍ന്ന് തെയ്യം മേഖലയിലെത്തിയ അനീഷ് വളരെ പെട്ടെന്നാണ് ചുവടുകള്‍ പഠിച്ചത്.

ശേഷം മുയിപ്പോത്ത് ക്ഷേത്രത്തില്‍ തന്നെ ആദ്യ ചുവട് വച്ചു. ഗുളികന്‍ വെള്ളാട്ട് കെട്ടിയാടിയായിരുന്നു അരങ്ങേറ്റം. പിന്നാലെ ഭഗവതി, തീചാമുണ്ഡി, നാഗഭഗവതി, വിഷ്ണുമൂര്‍ത്തിയുടെയും തുടങ്ങി നിരവധി തിറകള്‍ കെട്ടിയാടി. ഏതാണ്ട് 123 ക്ഷേത്രങ്ങളില്‍ തിറ കെട്ടിയാടിയിട്ടുണ്ട്.

വടകരയിലെ പ്രശസ്തരായ പല ക്ഷേത്രങ്ങളിലെയും മേളപ്രമാണി കൂടിയായിരുന്നു അനീഷ്. കോഴിക്കോട് ഭാഗത്ത് അഗ്നിഭൈരവന്റെ കോലം കെട്ടാനുള്ള ഭാഗ്യവും അനീഷിന് ഇക്കാലയളവില്‍ ലഭിച്ചിരുന്നു. ആദ്യകാല തെയ്യം കലാകാരന്മാര്‍ക്കൊപ്പവും പുതു തലമുറക്കൊപ്പവും ഒരുപോലെ ഇടപഴകിയിരുന്ന അനീഷിന്റെ മരണം കടത്തനാടിനെ സംബന്ധിച്ചും വളരെ വലിയ നഷ്ടമാണ്.

വിദേശത്തുള്ള സഹോദരന്‍ എത്തിയതിന് ശേഷം നാളെ പുലര്‍ച്ചെയോടയായിരിക്കും അനീഷിന്റെ സംസ്‌കാരം.