മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം; നാളെ പുറമേരിയില്‍ ഗതാഗത നിയന്ത്രണം, വാഹനങ്ങള്‍ കടന്ന് പേകേണ്ട വഴികള്‍ വിശദമായി അറിയാം


വടകര: എൽഡിഎഫ് സ്ഥാനാർഥി കെ.കെ ശൈലജ ടീച്ചറുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ പത്ത് മണിക്ക്‌ പുറമേരിയിൽ സംസാരിക്കും. കടത്തനാട് രാജാസ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയുടെ ഭാഗമായി പുറമേരിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

വില്യാപ്പള്ളി, മണിയൂർ, ആയഞ്ചേരി, തിരുവള്ളൂർ എന്നീ പഞ്ചായത്തുകളിൽ നിന്നും പുറമേരിയിലേക്ക് പോവുന്ന ചെറിയ വാഹനങ്ങൾ കടമേരി റഹ്മാനിയ കോളേജിന് മുന്നിലൂടെ വിലാതപുരം വഴി പുറമേരിക്ക് പോവണം. കുനിങ്ങാട് റോഡിൽ പണി നടക്കുന്നതിനാലും യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണം നടക്കുന്നതിനാലും കുനിങ്ങാട് റോഡിലൂടെ എൽഡിഎഫ് പ്രവർത്തകരെയും കൊണ്ട് വാഹനങ്ങൾ പോവുന്നത് ഒഴിവാക്കണം.

ഈ പഞ്ചായത്തുകളിൽ നിന്നും വരുന്ന ബസുകൾ ഓർക്കാട്ടേരി വഴി പുറമേരി വാട്ടർ ടാങ്കിനു സമീപം ആളെ ഇറക്കി അവിടെ തന്നെ പാർക്ക് ചെയ്യണം. നാദാപുരം വഴി വരുന്ന വാഹനങ്ങൾ ഹോമിയോ മുക്കിൽ ആളെ ഇറക്കി ടൗണിൽ പ്രവേശിക്കാതെ റോഡ് സൈഡിൽ ഗതാഗത പ്രശ്നങ്ങൾ ഇല്ലാത്ത രീതിയിൽ പാർക്ക് ചെയ്യണം.