പാനൂര്‍ ബോംബ് സ്ഫോടന കേസ്; വടകര മടപ്പള്ളി സ്വദേശി അടക്കം മൂന്നുപേർ കൂടി അറസ്റ്റില്‍


കണ്ണൂര്‍: പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. വടകര മടപ്പള്ളി സ്വദേശി ബാബു, കതിരൂര്‍ ചുണ്ടങ്ങാപ്പൊയില്‍ സ്വദേശികളായ ജിജോഷ്, സജിലേഷ് എന്നിവരാണ് പിടിയിലായത്. സജിലേഷ് ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ ഇരുപത്തിനാലാമത്തെ പ്രതിയാണ്.

വെടിമരുന്ന് വാങ്ങി സജിലേഷും ജിജോഷും മുഖ്യപ്രതികള്‍ക്ക് കൈമാറിയെന്നാണ് പോലീസ് പറയുന്നത്. വടകരയില്‍ നിന്നും ബാബു വെടിമരുന്ന് എത്തിച്ചു നല്‍കിയെന്നാണ് ലഭിക്കുന്ന വിവരം.

ഏപ്രില്‍ 5നായിരുന്നു പാനൂര്‍ മുളിയാത്തോടുള്ള വീടിന്റെ ടെറസില്‍ വച്ച് ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം നടന്നത്. കേസില്‍ ഇതുവരെയായി 12 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു പേര്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. രണ്ടാം പ്രതി ഷെറില്‍ സ്‌ഫോടനത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊല്ലപ്പെട്ടിരുന്നു.

അതേ സമയം കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റണമെന്നാവശ്യപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുടെ കുടുംബങ്ങള്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. പോലീസ് കമ്മീഷണര്‍ക്കും ഉത്തരമേഖല ഡി.ഐ.ജിക്കുമാണ് ശനിയാഴ്ച പരാതി നല്‍കുക. അന്വേഷണ ഉദ്യോഗസ്ഥന് രാഷ്ട്രീയ ചായ്‌വുണ്ടെന്നും നിരപരാധികളെ പ്രതികളാക്കിയെന്നുമാണ് കുടുംബം പ്രധാനമായും ആരോപിക്കുന്നത്‌.