തൈരും തേനും കുറച്ച് ഉരുളക്കിഴങ്ങും; മുഖത്തെ കരിവാളിപ്പ് ഇതുവരെ മാറിയില്ലേ ? എങ്കില്‍ ഇതൊന്ന് പരീക്ഷിച്ച് നോക്കിയേ


മുഖത്തെ കരിവാളിപ്പ് ഒട്ടുമിക്ക പേരെയും അലട്ടുന്ന വലിയ സൗന്ദര്യപ്രശ്‌നങ്ങളിലൊന്നാണ്. ഇപ്പോഴിതാ വേനല്‍ കടുത്തതോടെ പലരും വെയില്‍ പേടിച്ച് പുറത്തിറങ്ങാന്‍ തന്നെ മടി കാണിക്കുകയാണ്. എന്നാല്‍ കരിവാളിപ്പ് വരുമെന്ന് വിചാരിച്ച് വെയിലിനെ പേടിക്കേണ്ട ആവശ്യമില്ല. കൃത്യമായി, ചിലവ് കുറഞ്ഞ രീതിയില്‍ പരിചരിച്ചാല്‍ മുഖത്തെ കരിവാളിപ്പ് പരിഹരിക്കാന്‍ സാധിക്കും. അത്തരത്തില്‍ സിംപിളായ അഞ്ച് വഴികളിതാ.

തക്കാളി

ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയ തക്കാളി മുഖകാന്തി വര്‍ധിപ്പിക്കാനും കരിവാളിപ്പ് മാറ്റാനുമെല്ലാം മികച്ചതാണ്. ചര്‍മത്തിലെ എണ്ണമയം മാറ്റാന്‍ ഒരു തക്കാളി പകുതിയായി മുറിച്ച് അഞ്ച്-പത്ത് മിനുട്ട് ചര്‍മത്തില്‍ പുരട്ടാവുന്നതാണ്. തുടര്‍ന്ന് തണുത്ത വെള്ളത്തില്‍ കഴുകുക. ഇത്തരത്തില്‍ ഒരാഴ്ച ചെയ്താല്‍ മുഖത്തെ മാറ്റം കാണാന്‍ സാധിക്കും.

നാരങ്ങയും മഞ്ഞളും

നാരങ്ങ നീരും മഞ്ഞളും മുഖത്തെ കരിവാളിപ്പ് മാറ്റാന്‍ ഏറെ സഹായിക്കും. രണ്ട് ടേബിള്‍ സ്പൂണ്‍ തേനും ഒരു പകുതി നാരങ്ങയുടെ നീരും കൂട്ടിക്കലര്‍ത്തിയ ശേഷം ഇതിലേക്ക് ഒരു നുള്ള് മഞ്ഞള്‍ ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടുക. തുടര്‍ന്ന് മിശ്രിതം ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ഇത്തരത്തില്‍ ചെയ്താല്‍ മുഖത്തെ കരിവാളിപ്പ് മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

രക്തചന്ദനവും പനിനീരും

രക്തചന്ദനവും പനിനീരും കൂട്ടിച്ചേര്‍ത്ത് മുഖത്ത് പുരട്ടിയാല്‍ വെയില്‍ കൊണ്ടുണ്ടാകുന്ന കരിവാളിപ്പ് മാറും. ആഴ്ചയില്‍ രണ്ടു വട്ടം ഇങ്ങനെ ചെയ്യാവുന്നതാണ്‌. മാത്രമല്ല ഇങ്ങനെ ചെയ്താല്‍ ചര്‍മത്തിന് തിളക്കവും നിറവും വര്‍ദ്ധിക്കും.

തൈരും തേനും

മിക്കവരും ദിവസേന ഉപയോഗിക്കുന്ന ഒന്നാവും തൈരും തേനും. മുഖത്തെ കരിവാളിപ്പ് മാറാന്‍ ഇവ രണ്ടും പുരട്ടുന്നത് കൂടുതല്‍ ഗുണം ചെയ്യും. തൈരിലൂടെ മുഖത്തിന് സ്വാഭാവികമായ തിളക്കവും ലഭിക്കും.

ഉരുളക്കിഴങ്ങ്

മുഖത്തെ കരിവാളിപ്പ് മാറാന്‍ ഏറ്റവും ഉത്തമമാണ് ഉരുളക്കിഴങ്ങുകള്‍. ഇവ പേസ്റ്റ് പോലെയാക്കി മുഖത്ത് പുരട്ടുക. പുരട്ടുന്നതിന് മുമ്പ് അല്‍പം നാരാങ്ങാനീര് കൂടെ ചേര്‍ക്കുന്നതാണ് നല്ലതാണ്. ശേഷം 15 മിനുട്ട് കഴിഞ്ഞ് കഴുകികളയുക.