ഉറക്കക്കുറവ് നിസാരക്കാരനല്ല; കിടക്കുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങള്‍ കഴിച്ചുനോക്കൂ


ഒരു മനുഷ്യന്റെ ആരോഗ്യത്തിന് ഭക്ഷണം പോലെ തന്നെ പ്രധാനമാണ് കൃത്യമായ ഉറക്കവും. ഒരു വ്യക്തി ഉറങ്ങുമ്പോള്‍ അയാളുടെ ശരീരത്തിനൊപ്പം മനസും വിശ്രമിക്കുകയാണ് എന്നാണ് പറയുന്നത്. അങ്ങനെ വരുമ്പോള്‍ നിങ്ങള്‍ കൃത്യമായി ഉറങ്ങിയില്ലെങ്കിലോ…?

അതെ ഉറക്കമില്ലായ്മയെക്കുറിച്ചാണ് സംസാരിച്ചു വരുന്നത്. സത്യം പറഞ്ഞാല്‍ ഉറക്കക്കുറവിനെ നിസാരമായി കാണരുത്. ഉറക്കമില്ലായ്മ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും. അതുകൊണ്ടുതന്നെ ഉറക്കമില്ലായ്മ ഉണ്ടെന്ന് തോന്നിയാല്‍ തന്നെ കൃത്യമായി ഡോക്ടറെ കാണേണ്ടതാണ്. അതോടൊപ്പം തന്നെ ഉറക്കമില്ലായ്മ കാര്യമായി അലട്ടുന്നുണ്ടെങ്കില്‍ ഉറക്കത്തെ സ്വാധീനിക്കുന്ന മെലടോണിന്‍ ഹോര്‍മണ്‍ തോത് വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കാവുന്നതാണ്. അത്തരത്തിലുള്ള അഞ്ച് ഭക്ഷണങ്ങളെക്കുറിച്ച് വിശദമായി അറിയാം

പാല്‍

വൈറ്റമിനുകളും കാത്സ്യവും അടങ്ങിയ പാല്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. മാത്രമല്ല ഉറക്കമില്ലായ്മയ്ക്കുള്ള മികച്ച പരിഹാരം കൂടിയാണ് പാല്‍. പതിവായി ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നതിലൂടെ പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മാത്രമല്ല പാലില്‍ അടങ്ങിയ പൊട്ടാസ്യം നമ്മുടെ ഹൃദയാരോഗ്യവും മെച്ചപ്പെടുത്തുന്നു. ഒപ്പം ശരീരഭാരം കുറയ്ക്കാന്‍ പതിവായി പാല്‍ കുടിക്കുന്നത് നല്ലതാണ്. എന്നാല്‍ അളവില്‍ കൂടുതല്‍ പാല്‍ കുടിക്കുന്നത് മറ്റു പല രോഗങ്ങളെയും ക്ഷണിച്ച് വരുത്തും.

മത്സ്യം

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങള്‍ കഴിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മത്സ്യം ഒട്ടുമിഷ്ടമില്ലാത്തവര്‍ പോലും ആഴ്ചയില്‍ ഒരിക്കല്‍ മത്സ്യം കഴിക്കണമെന്നാണ് പറയുന്നത്. മാത്രമല്ല മറവി രോഗങ്ങള്‍ കുറയ്ക്കാനും മത്സ്യം സഹായിക്കും. ചെറിയ മത്സ്യങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും നല്ലതാണ്.

നട്‌സ്

ദിവസേനയുള്ള ആഹാരത്തോടൊപ്പം നട്‌സ് കൂടെ ഉള്‍പ്പെടുത്തുന്നത് ഉറക്കത്തെ സഹായിക്കും. മാത്രമല്ല ദിവസവും നട്‌സ് കഴിക്കുന്നത് വിഷാദരോഗ സാധ്യത കുറയ്ക്കമെന്നാണ് പഠനങ്ങള്‍ പറുന്നത്. നാരുകളുടെ ഉറവിടമായ നട്‌സ് ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കുറയ്ക്കുന്നു. അതോടൊപ്പം നട്‌സില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുകയും ചെയ്യുന്നു.

മുട്ട

പ്രോട്ടീനും ആവശ്യ പോഷകങ്ങളും അടങ്ങിയ മുട്ട ദിവസവും കഴിക്കുന്നത് ഉറക്കത്തെ മെച്ചപ്പെടുത്തും. മാത്രമല്ല ദിവസവും മുട്ട കഴിക്കുന്നവരില്‍ സ്‌ട്രോക്കിന്റെ സാധ്യത കുറയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒപ്പം മുട്ടയില്‍ അടങ്ങിയ ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ തുടങ്ങ് ആന്റി ഓക്‌സിഡന്റുകള്‍ തിമിരം, വാര്‍ധക്യസഹജമായ ആസുഖം എന്നിവയും തടയുന്നു.

ചെറി

ഉറക്കക്കുറവ് പരിഹരിക്കുന്ന മെലാറ്റോനിന്‍ എന്ന വസ്തു ചെറിപ്പഴത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ദിവസവും ചെറിയ അളവില്‍ ചെറിപഴം കഴിക്കുന്നത് നല്ലതാണ്. മാത്രമല്ല ചെറിപഴങ്ങളില്‍ അടങ്ങിയ റ്റൈമിന്‍ ബിയും സിയും തലമുടി കൊഴിഞ്ഞു പോകുന്നത് തടയാന്‍ സഹായിക്കും. ഒപ്പം ദഹനപ്രശ്‌നങ്ങള്‍ക്കും അസിഡിറ്റി മാറാനും ചെറിപ്പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.