കക്കിരിയും തണ്ണിമത്തനും നിസാരക്കാരല്ല; വേനല്‍ക്കാലത്തെ ചൂടില്‍ നിന്നും രക്ഷപ്പെടാനിതാ അഞ്ച് സൂപ്പര്‍ ഭക്ഷണങ്ങള്‍


വേനല്‍ക്കാലത്തെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കുകയാണ് മലയാളികള്‍. ധാരാളം വെള്ളം കുടിച്ചും, വെയിലത്ത് നിന്നും പരമാവധി ഒഴിഞ്ഞു മാറിയുമാണ് പലരും ഈ കടുത്ത വേനലിനെ മറികടക്കുന്നത്. എന്നാല്‍ ഇത് മാത്രം പോരാ. നമ്മള്‍ ദിവസേന കഴിക്കുന്ന ഭക്ഷണത്തിലും ചില മാറ്റങ്ങള്‍ കൊണ്ടുവരണം. അത്തരത്തില്‍ വേല്‍ക്കാല ചൂടില്‍ നിന്നും രക്ഷപ്പെടാനിതാ അഞ്ച് കിടിലന്‍ ഭക്ഷണങ്ങള്‍

മോര്

വേനലില്‍ മോര് കുടിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്. പൊരി വെയിലില്‍ നടന്ന് വന്നതിന് ശേഷം മോരില്‍ അല്‍പം വെള്ളം ചേര്‍ത്ത് അതില്‍ ഇഞ്ചിയും കറിവേപ്പിലയും പച്ചമുളകും പാകത്തിന് ഉപ്പും ചേര്‍ത്ത് കുടിച്ചു നോക്കൂ. നിങ്ങളുടെ ക്ഷീണം പമ്പ കടക്കും. മാത്രല്ല ദഹനം സുഗമമാക്കാനും, പല്ലുകളുടെ ആരോഗ്യത്തിനും മോര് മികച്ചതാണ്. അതോടൊപ്പം പ്രോട്ടീന്‍ ധാരാളമുള്ളതിനാല്‍ മോര് പേശികളുടെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു.

മാമ്പഴം

ശരീരത്തിലെ ചൂട് കുറയ്ക്കാന്‍ മികച്ച പഴമാണ് മാമ്പഴമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, നാരുകള്‍ എന്നിവയുടെ ഉറവിടമായ മാമ്പഴം ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല പ്രതിരോധശേഷി വര്‍ധിപ്പിക്കാനും, ഹൃദ്രോഗ സാധ്യത കുറയ്ക്കാനും മാമ്പഴം ഏറെ സഹായിക്കുന്നു. വിറ്റാമിന്‍ സി ഉള്ളതിനാല്‍ തന്നെ വേനല്‍ക്കാലത്ത് ചര്‍മ സംരക്ഷണത്തിനും മാമ്പഴം മികച്ചതാണ്.

അവക്കാഡോ

രക്തത്തിലെ ചൂടും വിഷവസ്തുക്കളും നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ് അവക്കാഡോ എന്നാണ് പഠനങ്ങള്‍. ഫൈബര്‍ ധാരാളം അടങ്ങിയതിനാല്‍ ഇവ ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യത്തിനും സഹായിക്കും. മാത്രമല്ല ധാരാളം നാരുകള്‍ അടങ്ങിയതിനാല്‍ പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു.

തണ്ണിമത്തന്‍

വേനല്‍ക്കാലത്ത് ആളുകള്‍ ഒരുപോലെ കഴിക്കുന്ന ഒന്നാണ് തണ്ണിമത്തന്‍. ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ തണ്ണിമത്തനെപ്പോലെ മറ്റൊരു പഴമില്ല എന്ന് തന്നെ പറയാം. മാത്രമല്ല അസിഡിറ്റി, പ്രമേഹം തുടങ്ങിയവയ്ക്കും തണ്ണിമത്തന്‍ നല്ലതാണ്. ഒപ്പം തണ്ണിമത്തനില്‍ അടങ്ങിയ വിറ്റാമിന്‍ എ, ബീറ്റാ കരോട്ടിന്‍ എന്നിവ കണ്ണുകളുടെയും ചര്‍മത്തിന്റെയും ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

കക്കിരി

വേനല്‍ക്കാലത്ത് കഴിക്കാന്‍ പറ്റിയ നിരവധി ഗുണങ്ങളുള്ള പച്ചക്കറിയാണ് കക്കിരി. വിറ്റാമിന്‍ കെ, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയെല്ലാം അടങ്ങിയ കക്കിരി ചര്‍മ സംരക്ഷണത്തിനും മുടികൊഴിച്ചിലിനും ഏറെ മികച്ചതാണ്. മാത്രമല്ല കണ്ണിനടിയിലും കറുപ്പ് മാറാന്‍ ഒരു കഷ്ണ കക്കിരി കണ്ണിന് മുകളില്‍ വെക്കുന്നത് നല്ലതുമാണ്.