മാങ്ങാ അണ്ടിയെ നിമിഷങ്ങള്‍കൊണ്ട് മാവാക്കി മാറ്റുന്ന വിസ്മയം! തെരുവുത്സവത്തിന് ആവേശമാവാന്‍ മാംഗോട്രിക്ക് അത്ഭുതങ്ങളുമായി ഷംസുദ്ദീന്‍ ചെര്‍പ്പുളശ്ശേരി ഇന്ന് വടകരയില്‍


വടകര: മാംഗോട്രിക്ക് എന്ന ജാലവിദ്യയിലൂടെ പ്രസിദ്ധനായ ഷംസുദ്ദീന്‍ ചെര്‍പ്പുളശ്ശേരി ഇന്ന് വടകരയില്‍ എത്തുന്നു. പുരോഗമന കലാസാഹിത്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്ട്രീറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് അദ്ദേഹം എത്തുന്നത്.

വൈകുന്നേരം 5 മണിക്ക് പുതിയ ബസ് സ്റ്റാന്റിലാണ് മാജിക്ക് ഷോ നടക്കുന്നത്. മാജിക്കിനുള്ള കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടനവധി പുരസ്‌കാരങ്ങള്‍ നേടിയ ഷംസുദ്ദീന്‍ ആദ്യമായാണ് വടകരയിലെത്തുന്നത്. മാങ്ങയുടെ അണ്ടിയില്‍ നിന്നും മാങ്ങാ മരമുണ്ടാക്കി മാങ്ങ പറിയ്ക്കുന്നതുള്‍പ്പെടെ അത്യപൂര്‍വ വിസ്മയങ്ങളാണ് അദ്ദേഹം കാഴ്ച്ചക്കാര്‍ക്കായി ഒരുക്കുന്നത്.

വടകരയില്‍ ഡിസംബര്‍ 25 മുതല്‍ 31 വരെയാണ് സ്ട്രീറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തും പ്രശസ്തരായ പ്രതിഭകളെ വടകരയില്‍ അണിനിരത്തുക, നാട്ടിന്‍പുറത്തെ സാധാരണക്കാരായ പ്രതിഭകള്‍ക്ക് ആവിഷ്‌കാരത്തിന് അവസരം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളും ആയാണ് സ്ട്രീറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.