കെ.കെ.ശൈലജ ടീച്ചർക്കെതിരെ വ്യാജ പ്രചാരണം; ലീഗ് നേതാവിനെതിരെ കേസെടുത്ത് പോലീസ്


വടകര: വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയ്ക്കെതിരായ വ്യാജ പ്രചാരണത്തിൽ കേസെടുത്ത് പോലീസ്. ന്യൂ മാഹി സ്വദേശിയും ലീഗ് പ്രാദേശിക നേതാവുമായ അസ്ലമിനെതിരെയാണ് കേസ് റജിസ്റ്റർ ചെയ്തത്. മുസ്ലിം ലീഗ് ന്യൂ മാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂമാഹി പഞ്ചായത്ത് അംഗവുമാണ് അസ്ലം.ടി.എച്ച്.

മങ്ങാട് സ്നേഹതീരം എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ് അസ്ലം വ്യാജപ്രചരണം നടത്തിയതായി കണ്ടെത്തിയത്. അതിലെ ശബ്ദ സന്ദേശം അസ്ലമിൻ്റെതാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വിവരങ്ങൾ സൈബർ പോലീസ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. തൻ്റെ ചിത്രങ്ങൾ മോർഫ് ചെയ്യുന്നുവെന്നും ദുരാരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും ചുണ്ടിക്കാട്ടി കെ.കെ.ശൈലജ പരാതി നൽകിയിരുന്നു.

ഇടതുമുന്നണി സ്ഥാനാർത്ഥിക്കെതിരെയുള്ള വ്യാജ ആരോപണങ്ങളും വ്യക്തി അധിക്ഷേപങ്ങളും വലിയ ചർച്ചയാണ് മണ്ഡലത്തിൽ ഉണ്ടായിയത്. മാധ്യമങ്ങളിൽ ഉൾപ്പടെ വലിയ ചർച്ചയായി ഇത് ഉയർന്നുവന്നിട്ടുണ്ട്. ലീഗ് നേതാവിനെതിരെ കേസെടുത്തതോടുകൂടി നേതൃത്വത്തിൻ്റെ അറിവോടെയാണ് യു.ഡി.എഫിൻ്റെ കള്ള പ്രചാരണം എന്ന എൽ.ഡി.എഫിൻ്റെ ‘ ആരോപണം ശരിവെക്കുകയാണെന്ന് എൽ.ഡി.എഫ് പറയുന്നു. വരും ദിവസങ്ങളിൽ ഇത് കൂടുതൽ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും ഇടയാക്കും എന്നതിൽ തർക്കമില്ല.