“കുറ്റ്യാടിപ്പുഴ കടലാക്കും.. ആകാശത്തിന് പന്തലിടും.. കലന്തന്‍ ഹാജിയെ വിളിക്കൂ വടകരയെ രക്ഷിക്കൂ” : കലന്തന്‍ഹാജിയെ ഓർക്കാതെ വടകരക്കാർക്കെന്ത് തിരഞ്ഞെടുപ്പ്.. ചോറോട് ഗേറ്റിലെ ബ്ലോക്ക് മഹാറാലിയാക്കിയ ഹാജിയുടെ ബുദ്ധി വേറെ ആര്‍ക്കുണ്ട്


വടകര: ഏത് തെരഞ്ഞെടുപ്പ് ചൂടിലും വടകരയുടെ ചുണ്ടില്‍ പുഞ്ചിരി വിരിയിക്കുന്ന ഒരു പേരുണ്ട് കലന്തന്‍ ഹാജി. കലന്തന്‍ ഹാജിയുടെ തെരഞ്ഞെടുപ്പ് തമാശകള്‍ സ്വപ്‌നം മസാല പൂശിയും അല്ലാതെയും പുതുതലമുറകള്‍ക്ക് പകര്‍ന്നുനല്‍കാത്ത അപ്പൂപ്പന്മാര്‍ കുറവായിരിക്കും. അത്രയേറെ അവരുടെ ഓര്‍മ്മകളില്‍ ആ തമാശകള്‍ ചിരിപടര്‍ത്തുന്നുണ്ട്.

കുറ്റ്യാടിക്കടുത്തുള്ള ചെറിയ കുമ്പളം സ്വദേശിയായ കലന്തന്‍ ഹാജി പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലടക്കം പത്ത് തവണ സ്ഥാനാര്‍ത്ഥിയായി നിന്നിട്ടുണ്ട്. വടകര അസംബ്ലി മണ്ഡലം, പാര്‍ലമെന്റ് മണ്ഡലം, നാദാപുരം, മേപ്പയ്യൂര്‍, പെരിങ്ങളം, കോഴിക്കോട്-2 എന്നിവിടങ്ങളില്‍ മാത്രമല്ല ജില്ലയ്ക്ക് പുറത്ത് കൊണ്ടോട്ടി, ഗുരുവായൂര്‍ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് രസം പകര്‍ന്നിട്ടുണ്ട്.

കലന്തന്‍ഹാജിയുടെ തെരഞ്ഞെടുപ്പ് തമാശകളെക്കുറിച്ചോര്‍ക്കുമ്പോള്‍ വടകരക്കാര്‍ക്കെന്നപ്പോലെ അദ്ദേഹത്തിന്റെ മകന്‍ ബഷീറിനും ആദ്യം ഓര്‍മ്മയില്‍ വരുന്ന കാര്യമുണ്ട്. ചോറോട് ഗേറ്റിലൂടെ ‘നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ’ കടന്നുപോയ സ്ഥാനാര്‍ത്ഥിയുടേത്. ആ കഥ ഇങ്ങനെ. 1980കളിലെ ഒരു തെരഞ്ഞെടുപ്പ് കാലം. വടകര ലോക്സഭയിലെ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് കലന്തന്‍ ഹാജി. അന്ന് ഗതാഗതക്കുരുക്കിന് കുപ്രസിദ്ധിയാര്‍ജ്ജിച്ചതാണ് ചോറോട് റെയില്‍വേഗേറ്റ് പരിസരം.

ദേശീയ പാതയിലൂടെ കടന്നുപോയ കലന്തന്‍ഹാജിയുടെ പ്രചാരണ വാഹനം ചോറോട് ഗേറ്റടച്ചതോടെ അവിടെപ്പെട്ടു. മുന്നില്‍ നിരനിരയായി വണ്ടികളാണ്. പിറകിലായിരുന്നു കലന്തന്‍ ഹാജിയുടെ ജീപ്പ്. സന്തത സഹചാരിയായിരുന്ന അരൂര്‍ പി.ബാലകൃഷ്ണനുമുണ്ട് കൂടെ. മുന്നിലുള്ള വാഹനങ്ങള്‍ കണ്ടതോടെ കലന്തന്‍ പിന്നെ ഒന്നും നോക്കിയില്ല. മറ്റു വാഹനങ്ങളെ വെട്ടിച്ച് ജീപ്പ് നേരെ ഗേറ്റിനടുത്തേക്ക് ഏറ്റവും മുമ്പില്‍ കൊണ്ടുപോയി നിര്‍ത്തിയിട്ടു. ഗേറ്റ് തുറന്നയുടന്‍ ജീപ്പില്‍ നിന്നും അനൗണ്‍സ്മെന്റ് ഉയര്‍ന്നു. ”പ്രിയപ്പെട്ട നാട്ടുകാരെ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ നമ്മുടെ പ്രിയങ്കരനായ സ്ഥാനാര്‍ത്ഥി കലന്തന്‍ ഹാജിയിതാ കടന്നുവരികയാണ്.”

ഗേറ്റില്‍ കുടുങ്ങിയ വാഹനങ്ങളെ കലന്തന്‍ നൈസായി തന്റെ അകമ്പടി വാഹനങ്ങളാക്കി. അത് മാത്രമല്ല, ജീപ്പ് നീങ്ങിയതോടെ കലന്തനെവിടെയെന്ന ചോദ്യമായി നാട്ടുകാര്‍ക്കിടയില്‍ നിന്നും. മുഖം ഭാഗികമായി മറച്ചുകൊണ്ട് അനൗണ്‍സ്മെന്റ് നടത്തിക്കൊണ്ടിരുന്നയാള്‍ മെല്ലെ മുഖത്തെ തുണി മാറ്റിക്കൊണ്ടു പറഞ്ഞു. ‘ഞാന്‍ തന്നെയാണ് കലന്തന്‍ ഹാജി’.

ചോറോട് ഗേറ്റിലെ ഗതാഗതക്കുരുക്ക് മാത്രമല്ല, സിനിമാ തിയേറ്ററിലെ ആള്‍ക്കൂട്ടത്തവരെ കലന്തന്‍ തന്റെ അണികളാക്കി മാറ്റിയിട്ടുണ്ട്. തിരക്കുള്ള സിനിമാ ശാലകള്‍ക്കുമുമ്പില്‍ സിനിമ തീരുന്നതിന് പത്തുമിനിറ്റു മുമ്പ് കലന്തന്‍ ഹാജിയുടെ പ്രചാരണ വാഹനമെത്തും. സിനിമവിട്ട് ആളുകള്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങുമ്പോള്‍ കലന്തന്‍ ഹാജി അനൗണ്‍സ് ചെയ്യും. ‘കലന്തന്‍ ഹാജിയെന്ന കരുത്തനായ സ്ഥാനാര്‍ത്ഥിക്ക് അകമ്പടിയായിതാ ജനസഞ്ചയം തൊട്ടുപിന്നാലെ കടന്നു വരികയാണ്. ഇതില്‍ നിങ്ങളും പങ്കാളികളാവുക…’

തെരഞ്ഞെടുപ്പ് കാലത്ത് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കയ്യിലെടുക്കുന്ന നേതാക്കളെ കണക്കിന് പരിഹസിച്ചിട്ടുണ്ട് കലന്തന്‍ ഹാജി. അതിനായി അദ്ദേഹം പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ ഇങ്ങനെയാണ്, ” ആകാശത്തിന് പന്തലിടും, വയനാട്ടില്‍ കടല്‍, മുക്കിന് മുക്കിന് കക്കൂസ്, കുറ്റ്യാടിപ്പുഴ കടലാക്കും, വടകരയില്‍ വിമാനത്താവളം, ആനയ്ക്ക് റേഷന്‍, ആനയ്ക്ക് പെന്‍ഷന്‍” . ഒരുതവണ വടകര ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ ഒരിക്കല്‍ ഇങ്ങനെ എഴുതി. ‘കലന്തന്‍ ഹാജിയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ’ എന്ന്.

നല്ല ബിസിനസുള്ള ബേക്കറി സ്വന്തമായി നടത്തിയിരുന്ന കലന്തന്‍ ഹാജി സ്വന്തം പണം മാത്രം ഉപയോഗിച്ചാണ് മത്സരിച്ച തെരഞ്ഞെടുപ്പുകളിലാകെ ആളുകളെ രസിപ്പിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. പലതവണ നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചിട്ടില്ല. അതിനെക്കുറിച്ച് ചോദിച്ചാല്‍ കലന്തന്‍ ഹാജി പറയും, ‘ബിരിയാണി ചെമ്പിലെന്തിനാ കഞ്ഞിവെക്കുന്നത്’ എന്ന്. മത്സരിച്ചിരുന്നെങ്കില്‍ നാട്ടുകാര്‍ തീര്‍ച്ചയായും അദ്ദേഹത്തെ തെരഞ്ഞെടുത്തേനെ. ‘ജയനിക്കാന്‍ ഹാജിക്ക് മനസില്ല’ എന്നതാവാം മത്സരിക്കാതിരുന്നതിന് പിന്നില്‍.

മത്സരിച്ചത് സ്വതന്ത്രനായിട്ടാണെങ്കിലും അതിന് മുമ്പ് സജീവ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു കലന്തന്‍ ഹാജി. 1950 മുതല്‍ 59 വരെ മുസ്ലിംലീഗിന്റെ സജീവ സാന്നിധ്യമായിരുന്നു കലന്തന്‍ ഹാജി. പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങള്‍ വരെ വഹിച്ചിരുന്നു. 1959ല്‍ മുസ്ലിംലീഗിനോട് വിടപറഞ്ഞു. വിമോചന സമരത്തിന് ലീഗ് നല്‍കിയ പരോക്ഷ പിന്തുണയില്‍ പ്രതിഷേധിച്ചായിരുന്നു അദ്ദേഹം പാര്‍ട്ടി വിട്ടത്. ബാഫഖി തങ്ങളുടെ നേതൃത്വത്തില്‍ അന്നത്തെ ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് അമീര്‍ ആയി വരെ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. കലന്തന്‍ ഹാജിയുടെ ഹജ്ജ് യാത്രയില്‍ മുന്‍ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയെപ്പോലുള്ള മഹാരഥന്‍മാരായിരുന്നു കൂട്ട്. രാഷ്ട്രീയത്തില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ സി.എച്ചിനോളം വളരേണ്ട നേതാവായിരുന്നു കലന്തന്‍ ഹാജിയെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

കുറ്റ്യാടിയിലെ കുടുംബാംഗങ്ങളോട് കലന്തന്‍ ഹാജിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ പറയും, ‘ഉപ്പ വീട്ടിലുണ്ടെങ്കില്‍ എപ്പോഴും നല്ല രസമാണ്, ചിരിച്ച് ചിരിച്ച് തളരും’ . കലന്തന്‍ ബഷീര്‍, റുഖിയ, നാസര്‍, സുലേഖ, പരേതയായ ജമീല എന്നിവര്‍ അദ്ദേഹത്തിന്റെ മക്കളാണ് കലന്തന്‍ ബഷീര്‍ സിനിമാ രംഗത്ത് പ്രസിദ്ധനാണ്. കലന്തന്‍ ബഷീറിന്റെ മകനാണ് ദൃശ്യത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടന്‍ റോഷന്‍ ബഷീര്‍. 2009 സെപ്റ്റംബര്‍ 18നാണ് കലന്തന്‍ ഹാജി വിടപറഞ്ഞത്.