കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് 3 ദിവസത്തെ പഴക്കം


കണ്ണൂര്‍: അമ്മയേയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊറ്റാളിക്കാവിന് സമീപം പോസ്റ്റ്‌ ഓഫീസിന് അടുത്താണ്‌ സംഭവം. സുവിഷത്തില്‍ സുനന്ദ വി ഷേണായി(78), മകള്‍ ദിപ വി.ഷേണായി(44) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ക്ക് മൂന്ന് ദിവസം പഴക്കമുണ്ട്.

മൂന്ന് ദിവസം മുമ്പ് വോട്ട് ചെയ്യാനായി ഇവര്‍ പുറത്തേക്ക്‌ പോയിരുന്നു. അതിന് ശേഷം ഇവരെ പുറത്ത് കണ്ടിരുന്നില്ല. വീട് അടച്ചിട്ട നിലയിലായിരുന്നു. ഇന്ന് രാവിലെ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ അയല്‍വാസികള്‍ ചിലര്‍ വന്ന് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

സുനന്ദയുടെ മൃതദേഹം ഡൈനിങ്ങ് ഹാളിലും ദീപയുടെ മൃതദേഹം അടുക്കളയിലുമായിരുന്നു ഉണ്ടായിരുന്നത്. പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭര്‍ത്താവ്. ദീപ അവിവാഹിതയാണ്. നാട്ടുകാരുമായി ഇവര്‍ക്ക് അധികം ബന്ധമുണ്ടായിരുന്നില്ല എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.