”അവസാന ദിവസത്തിലും ജോലി ചെയ്യാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം”; 26 വര്‍ഷം നീണ്ട ഔദ്യോഗിക ജീവിതം, വടകര അഗ്നിരക്ഷാ നിലയത്തില്‍ നിന്നും പടിയിറങ്ങി കെ.ടി രാജീവന്‍


വടകര: 26 വര്‍ഷത്തെ ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കി വടകര അഗ്നിരക്ഷാ നിലയില്‍ നിന്നും ഇന്നലെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ അയനിക്കാട് കടപ്പുറം താരമേല്‍ കെ.ടി രാജീവന്റെ ഉള്ളൊന്ന് പിടഞ്ഞിരുന്നു. സഹപ്രവര്‍ത്തകരുടെ വാട്ടര്‍ സല്യൂട്ട് സ്വീകരിച്ച് വണ്ടിയില്‍ കയറുമ്പോള്‍ രാജീവന്‍ ഒരിക്കല്‍ക്കൂടി തിരിഞ്ഞ് തന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകരോട് യാത്ര പറഞ്ഞു.

ഇന്നലെയായിരുന്നു കാൽനൂറ്റാണ്ടിൽ ഏറെയുള്ള ഔദ്യോഗിക സേവനം പൂര്‍ത്തിയാക്കിയ വടകര അഗ്നിരക്ഷാ നിലയത്തിലെ ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ കെ.ടി രാജീവനും സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ബാബുവിനും സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് ഒരുക്കിയത്.

 

ചടങ്ങിന്റെ അവസാനം മറുപടി പ്രസംഗത്തിനായി രാജീവന്‍ എഴുന്നേറ്റപ്പോഴേക്കും അടയ്ക്കാതെരുവില്‍ നിന്നും പെട്ടെന്ന് ഒരു അപകട വാര്‍ത്ത എത്തി. പിന്നീട് ഒരു നിമിഷം പോലും പാഴാക്കാതെ പരിപാടി പാതിവഴിയില്‍ അവസാനിപ്പിച്ച് രാജീവനും ബാബുവും ഒരിക്കല്‍ക്കൂടി ഔദ്യോഗിക വാഹനത്തില്‍ കയറി അപകട സ്ഥലത്തേക്ക് ഓടിയെയെത്തി.

കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ഇറങ്ങിയ പുത്തൂര്‍ സ്വദേശിയായ യുവാവ് കയര്‍ പൊട്ടി കിണറ്റില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് സേനഅംഗങ്ങളുടെ നേതൃത്വത്തില്‍ ഇയാളെ പുറത്തെത്തിച്ച് വടകര ഗവണ്‍മെന്റ് ആശുപത്രിയിലെത്തിച്ചു.

ഔദ്യോഗിക ജീവിതത്തിന്റെ അവസാന ദിവസവും ജോലി ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് താനെന്നാണ് രാജീവന്‍ വടകര ന്യൂസിനോട് പറഞ്ഞത്. സര്‍ക്കാര്‍ ജോലി സ്വന്തമാക്കുക എന്ന ആഗ്രഹത്തില്‍ 1998ലാണ് രാജീവന്‍ ഫയര്‍ഫോഴ്‌സില്‍ ജോലിക്ക് കയറുന്നത്. മുമ്പ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി കിട്ടിയെങ്കിലും അതിന് പോവാന്‍ തയ്യാറായില്ല. ജനങ്ങള്‍ക്കിടയില്‍ നിന്ന് അവര്‍ക്കായി എന്തെങ്കിലും ചെയ്ത് കൊടുക്കുന്ന ജോലി വേണമെന്ന അതിയായ ആഗ്രഹം കൊണ്ടെത്തിച്ചത് ഫയര്‍ഫോഴ്‌സിലായിരുന്നു.

ഫയര്‍മാനായി ജോലി ആരംഭിച്ച രാജീവന്‍ പിന്നീട് ലീഡിംഗ് ഫയര്‍മാനായി, അവിടെ നിന്നും സീനിയര്‍ ഫയന്‍ ആന്റ് റെസ്‌ക്യൂ ഓഫീസറായി. ഒടുവില്‍ ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസറായിട്ടാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്നും പടിയിറങ്ങിയത്.

ഇതിനിടിയില്‍ സന്തോഷവും ദുംഖവും നിറഞ്ഞ അതിസങ്കീര്‍ണായ സംഭവങ്ങളെക്കുറിച്ചും അദ്ദേഹം വടകര ഡോട് ന്യൂസിനോട് സംസാരിച്ചു. വെള്ളികുളങ്ങരയിലെ കിണര്‍ ദുരന്തത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട മൂന്ന് സഹപ്രവര്‍ത്തകരെ നഷ്ടമായത് ഇന്നും വേദനയോടെയാണ് ഓര്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മരിച്ച ജാഫിറിനെയും അജിത്തിനെയും രാജനെയും ഈ നിമിഷത്തില്‍ ഓര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സര്‍വ്വീസിലുണ്ടായിരുന്ന കാലത്ത് വടകര കുളത്തിനടുത്തുള്ള പെട്രോള്‍ പമ്പിലെ മാന്‍ഹോളില്‍ കുടുങ്ങിപ്പോയ തൊഴിലാളിയെ അതിസാഹസികായി ഇറങ്ങിച്ചെന്ന് രക്ഷിച്ചത് ഇന്നും ഓര്‍മയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം മണിയൂരിലെ എഴുപത്തഞ്ചടി ആഴമുള്ള കിണറ്റിലിറങ്ങി ഒരാളെ രക്ഷിച്ചതും ഓര്‍ത്തെടുത്തു പറഞ്ഞു.

ഔദ്യോഗിക ജീവിതത്തിന് അവസാനമായെങ്കിലും ജീവിതത്തിലെ തിരക്കിന് കുറവില്ലെന്നാണ് രാജീവന്‍ പറയുന്നത്. പയ്യോളിയിലെ തീരദേശ വികസന സമിതി കണ്‍വീനര്‍ കൂടിയായ രാജീവന്‍ നാളെ മുതല്‍ മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ സമിതിയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. നാടിന്റെ വികസനത്തിനായി നാട്ടുകാര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാനാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.