നിമിഷനേരം കൊണ്ട് മേല്‍ക്കൂര കത്തിനശിച്ചു, നിലവിളിച്ച്‌ ആളുകള്‍; നാദാപുരം പേരോട് ഇരുനില വീടിന് തീപിടിച്ച ദൃശ്യങ്ങള്‍ പുറത്ത്


നാദാപുരം: പേരോട് ഇരുനില വീടിന് തീപിടിച്ച സംഭവത്തില്‍ ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് നീര്‍കരിമ്പില്‍ അഷ്‌റഫിന്റെ വീടിന് തീപിടിച്ചത്. ഇരുനില വീടിന്റെ മേല്‍ക്കൂരയില്‍ തീ കത്തുന്നത് കണ്ടതോടെ താഴത്തെ നിലയിലുണ്ടായിരുന്ന വീട്ടുകാര്‍ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.

ഈ സമയം പള്ളിയിലായിരുന്നു അഷ്‌റഫ്. തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. അപ്പോഴേക്കും മേല്‍ക്കൂരയില്‍ തീ ആളിപ്പടര്‍ന്നു.

തുടര്‍ന്ന് നാദാപുരത്ത് നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയത്. ഏതാണ്ട് 12 മണിയോടെ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. വിവരമറിഞ്ഞ് നിരവധി പേരാണ് സംഭവസസ്ഥലത്തേക്ക് ഓടിയെത്തിയത്. ഏതാണ്ട് അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.