‘ശൈലജ ടീച്ചർ പരാജയപ്പെട്ടാൽ ലോകത്തിന് മുന്നിൽ നാണക്കേടാവും’; വടകരയില്‍ സംഘടിപ്പിച്ച സെക്കുലർ സംഗമത്തില്‍ എം.മുകുന്ദന്‍


വടകര: ശൈലജ ടീച്ചർ വടകരയില്‍ വിജയിക്കണമെന്നും, അവരെ പോലുള്ള മഹത് വ്യക്തികൾ പരാജയപ്പെട്ടാൽ ലോകത്തിന് മുന്നിൽ നമുക്ക് നാണക്കേടാവുമെന്ന് എഴുത്തുകാരന്‍ എം.മകുന്ദന്‍. വർഗ്ഗീയതക്കെതിരെ മനുഷ്യ പക്ഷത്ത് എന്ന മുദ്രവാക്യമുയർത്തി വടകരയില്‍ സംഘടിപ്പിച്ച സെക്കുലർ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രതിസന്ധി കാലത്തിലൂടെയാണ്‌ ഇന്ത്യകടന്നു പോകുന്നത്. മത രാഷ്ട്രത്തിലേക്ക് രാജ്യം നീങ്ങുകയാണ്. ലോക്‌സഭയില്‍
ഇടതുപക്ഷത്തിൻ്റെ സാന്നിധ്യം ഉണ്ടാവണം. ശൈലജ ടീച്ചർ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും എം മുകുന്ദൻ പറഞ്ഞു. ”ശൈലജ ടീച്ചറെ ഞാൻ വൈകിയാണ് പരിചയപ്പെട്ടത്. പാബ്ലോ നെരൂദയെക്കുറിച്ചു നടത്തിയ ഒരു പ്രസംഗവും, അവരുടെ കവിതയും ചൊല്ലുന്നത് ഞാൻ കേട്ടിരുന്നു. സാഹിത്യത്തിലൂടെ രാഷ്ട്രിയവും രാഷ്ടീയത്തിലൂടെ സാഹിത്യവും വളരുന്നത് ഇടത് പക്ഷപ്രസ്ഥാനങ്ങളിലൂടെയാണ്. ഇന്ത്യക്ക് പുറത്ത് അറിയപ്പെടുന്ന വ്യക്തിയാണ് ശൈലജ ടീച്ചറെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ പോലും കോവിഡ്കാലത്ത് പരിമിതമായ ചികിത്സകൊണ്ട് ശ്വാസവായു കിട്ടാതെയും മരിച്ചു. എന്നാൽ കേരളത്തിൽ ഒരിടത്തും ഓക്സിജൻ കിട്ടാതെ ഒരാളും മരിച്ചിട്ടില്ല എന്നത് ചെറിയ കാര്യമല്ല. അമേരിക്കയിൽ എത്ര പേർ ചികിത്സ കിട്ടാതെ മരിച്ചു. നിപ്പ ബാധിച്ച പേരാമ്പ്രയിൽ ആരോഗ്യ മന്ത്രിയായപ്പോൾ, അവിടെ പോയത് മാനവികമായ ഒരു സംഗതിയാണ്. ശൈലജ ടീച്ചർ വിജയിക്കുക തന്നെ വേണം. അവരെ പോലുള്ള മഹത് വ്യക്തികൾ പരാജയപ്പെട്ടാൽ ലോകത്തിന് മുന്നിൽ നമുക്ക് നാണക്കേടാവും. ലോകത്തോട് നാം അതിന് മറുപടി പറയേണ്ടി വരുമെന്നും എം.മുകുന്ദന്‍ പറഞ്ഞു.

കെ.ടി കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. കെ.പി രാമനുണ്ണി, ഐസക് ഈപ്പൻ, ജാനമ്മ കുഞ്ഞുണ്ണി, ടി രാജൻ, പി ഹരീന്ദ്രനാഥ്, രാധ കൃഷ്ണൻ എടച്ചേരി, ലിസി മുരളീധരൻ, വിൽസൻ്റ് സാമുവൽ, ഉഷ ചന്ദ്രബാബു, യു ഹേമന്ദ് കുമാർ, അപർണ ചിത്രം, വി കെ ജോബിഷ്, സജീവൻ മൊകേരി, നാണു പാട്ടുപുര, വി കെ പ്രഭാകരൻ, എ കെ അബ്ദുൾ ഹക്കീം, ഗോപിനാഥ് മേമുണ്ട, താജുദ്ദീൻ വടകര, രാംദാസ് വടകര, പി പി കുഞ്ഞിരാമൻ, ഹരീഷ് പഞ്ചമി, ഗോപീ നാരായണൻ, അനിൽ ആയഞ്ചേരി എന്നിവർ സംസാരിച്ചു. ആർ ബൽറാം സ്വാഗതം പറഞ്ഞു.