മഞ്ഞപ്പിത്തം ബാധിച്ച് ചെക്യാട്ട് യുവാവ് മരിച്ച സംഭവം; പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ അനാസ്ഥയെന്ന് ആരോപണം, ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് ചെയ്ത രോഗം രണ്ട് മാസമായിട്ടും നിയന്ത്രിച്ചില്ല


നാദാപുരം: ചെക്യാട്ട് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ച സംഭവത്തില്‍ പ്രദേശത്ത് ആരോഗ്യവകുപ്പ് അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം. മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കായലോട്ട് താഴെയിലെ കൊടുവള്ളി നിധീഷ് കഴിഞ്ഞ ദിവസമാണ് മരിച്ചത്.

കഴിഞ്ഞ മാസം 28നാണ് ബാംഗ്ലൂരില്‍ നിന്നും നിധീഷ് നാട്ടിലെത്തിയത്. പനിയെ തുടര്‍ന്ന് 29ന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നായിരുന്നു മരണം.

നിധീഷിന്റെ വീട്ടിലെ കിണര്‍ വെള്ളം പരിശോധിക്കാന്‍ 900രൂപ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു എന്നാണ് പ്രധാന ആരോപണം. മാത്രമല്ല ഫെബ്രുവരിയില്‍ പ്രദേശത്ത് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടും രണ്ട് മാസമായിട്ടും രോഗത്തിന്റെ ഉറവിടമോ, രോഗത്തെ നിയന്ത്രിക്കാനോ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ലെന്ന്‌ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‌റ് മോഹനന്‍ പാറക്കടവ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

പ്രദേശത്ത് നിലവില്‍ പതിനാല് പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം പടരുന്നതിനാല്‍ പ്രദേശത്തുകാര്‍ക്ക് ജോലിക്ക് പോവാന്‍ കഴിയാത്ത സാഹചര്യമാണ്. അതുകൊണ്ടുതന്നെ കിണറിലെ വെള്ളം പരിശോധിക്കാന്‍ 900രൂപ നല്‍കാനും സാധിക്കാത്ത അവസ്ഥയാണ്.

ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയിലാണ് ചെക്യാട് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതുവരെയായി കിണറുകളില്‍ തളിക്കാന്‍ ബ്ലീച്ചിങ് പൗഡര്‍ വിതരണം ചെയ്യുക മാത്രമാണ്‌ ആരോഗ്യവകുപ്പ് ഇതുവരെ ചെയ്തിട്ടുള്ളുവെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

മാത്രമല്ല ഈ പ്രദേശത്ത് വന്ന കണ്ണൂര്‍ ജില്ലയിലെ ചെറുപറമ്പ് സ്വദേശിയായ യുവാവും ഇക്കഴിഞ്ഞ ചൊവ്വാഴ്ച
മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചതായി മോഹനന്‍ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. പ്രദേശത്ത് മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്നതിനാല്‍ ഉറവിടം എത്രയും പെട്ടെന്ന് കണ്ടെത്തി കൃത്യമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.