ടെലിഗ്രാം ആപ്പ് വഴി തട്ടിപ്പ്: ബാലുശ്ശേരി നന്മണ്ട സ്വദേശിനിക്ക് നഷ്ടമായത് രണ്ടര ലക്ഷത്തോളം രൂപ


നന്മണ്ട : ടെലിഗ്രാം ആപ്പ് വഴിയുള്ള തട്ടിപ്പിലൂടെ ചീക്കിലോട് സ്വദേശിയായ വീട്ടമ്മയ്ക്ക് രണ്ടര ലക്ഷത്തോളം രൂപ. ജോലി നൽകിയാണ് യുവതിയെ തട്ടിപ്പിനിരയാക്കിയതെന്നാണ് പരാതിയിലുള്ളത്. പലതവണയായി 2,44,364 രൂപയാണ് യുവതിയുടെ കയ്യിൽ നിന്നും കെെക്കലാക്കിയത്. സംഭവത്തെ തുടർന്ന് ചീക്കിലോട് സ്വദേശി പ്രവീൺകുമാറിന്റെ ഭാര്യ എലത്തുക്കണ്ടി വി.വി. ജിൻഷ ബാലുശ്ശേരി പോലീസിൽ നൽകി.

യുവതി പരാതിയിൽ പറയുന്നത് ഇങ്ങനെ; കഴിഞ്ഞമാസം മൂന്നിന് നൈറ്റ് ഹോക്ക് സിനിമ എന്ന ടെലിഗ്രാം അക്കൗണ്ട് പ്ലാറ്റ്ഫോമിലൂടെ വർക്ക് അറ്റ് ഹോം ജോലി നൽകിയാണ് കബളിപ്പിക്കൽ തുടങ്ങിയത്. ആദ്യംതന്നെ യുവതിക്ക് ഒരു ടാസ്ക് നൽകി. ടാസ്ക് വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നുവെന്ന്‌ പിന്നീട് അറിയിച്ചു. ഇതിന്റെ ലാഭവിഹിതമായി 1077 രൂപ ജിൻഷയുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു.

തുടർന്ന് രണ്ടാമതും ടാസ്ക് കൊടുത്തു. ഒപ്പംതന്നെ 11,000 രൂപ അയക്കാനും പറഞ്ഞു. പണം അടച്ച അതേദിവസംതന്നെ ജിൻഷയുടെ അക്കൗണ്ടിലേക്ക് 18,000 രൂപ അവർ തിരിച്ചയച്ചു. അടുത്തദിവസം വീണ്ടും 11,000 രൂപ അയക്കാൻ ആവശ്യപ്പെട്ടു. അയച്ചശേഷം മറുപടി വന്നത് ഇനി ലാഭവിഹിതം കിട്ടണമെങ്കിൽ 26,351 രൂപകൂടി അയക്കണമെന്നായിരുന്നു. പറഞ്ഞ തുക ജിൻഷ അയക്കുകയും ചെയ്തു.

തുടർന്ന് വീണ്ടും മെസേജ് വന്നു. ടെക്നിക്കൽ ഇറർ ആണെന്നും 50,000 രൂപകൂടി അയക്കണമെന്നും പറഞ്ഞു. അടച്ച തുകയും ലാഭവിഹിതവും കിട്ടാൻ വീണ്ടും 50,000 രൂപകൂടി അയക്കാൻ ആവശ്യപ്പെട്ടു. ഇങ്ങനെ പലതവണയായി മാർച്ച് 31-നും ഏപ്രിൽ അഞ്ചിനുമിടയിൽ ഇവർക്ക് നഷ്ടമായത് 2,44,364 രൂപയാണ്.

ഓരോ തവണയും വ്യത്യസ്ത അക്കൗണ്ടുകൾവഴിയാണ് പണം അയച്ചത്. താൻ കബളിപ്പിക്കപ്പെട്ടിരിക്കുകയാണെന്ന് മനസ്സിലാക്കിയ യുവതി കഴിഞ്ഞദിവസം ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ബാലുശ്ശേരി സി.ഐ.യുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.