ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ വടകര സ്വദേശിയായ ഡോക്ടറുടെ പണം തട്ടി; മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയില്‍


വടകര: ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ മറവില്‍ വടകര സ്വദേശിയായ ഡോക്ടറുടെ പണം തട്ടിയെടുത്ത കേസില്‍ രണ്ട് മലപ്പുറം സ്വദേശികള്‍ പിടിയില്‍. പാണ്ടിക്കാട്‌ തോണിക്കര മില്‍ഹാജ്(24), മേലാറ്റൂര്‍ ചെട്ടിയാന്‍ തൊടി മുഹമ്മദ് ഫാഹിം(23) എന്നിവരാണ് പോലീസ് പിടിയിലായത്.

എടോടിയിലെ ഡോ.ഹാരിസിന്റെ പക്കല്‍ നിന്നും 2.18കോടി രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവര്‍ തട്ടിപ്പ് സംഘത്തിന് കേരളത്തിലെ ബാങ്ക് അക്കൗണ്ട്‌ നല്‍കുകയും അതുവഴി വരുന്ന പണം പിന്‍വലിച്ച് മറ്റൊരു അക്കൗണ്ടിലൂടെ കൈമാറുകയാണ് ചെയ്യുന്നത്.

ഡോക്ടറുടെ കൈയില്‍ നിന്നും നഷ്ടമായ തുകയില്‍ 7,80,000രൂപ പ്രതി മുഹമ്മദദ് ഫഹീമിന്റെ അക്കൗണ്ടില്‍ എത്തിയിരുന്നു. ഈ തുക 10,000രൂപ കമ്മീഷന്‍ കൈപ്പറ്റി മില്‍ഹാജിന് കൈമാറുകയായിരുന്നു.

റൂറല്‍ സൈബര്‍ ക്രൈം ഡിവൈഎസ്പി ഷാജ് ജോസ്, സൈബര്‍ ഇന്‍സ്‌പെക്ടര്‍ എം.ടി വിനീഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.