വടകരയിലെ വോട്ടിം​ഗ് രാത്രി വരെ തുടർന്നേക്കും, ടോക്കൺ നൽകി; ബൂത്തുകളിലെ ക്യൂവിൽ 500 ഓളം പേർ


വടകര: സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് സമയം അവസാനിച്ചപ്പോള്‍ വടകര ലോക്‌സഭാ മണ്ഡലത്തിൽ ഇതുവരെ പോൾ ചെയ്തത് 72.28 ശതമാനം ആളുകൾ. വടകര 73.03, കുറ്റ്യാടി 69.44, നാ​ദാപുരം 70.26, കൊയിലാണ്ടി 72.03, പേരാമ്പ്ര 72.60, തലശ്ശേരി 74.20, കൂത്തുപറമ്പ്‌ 73.38 എന്നിങ്ങനെയാണ് മണ്ഡലങ്ങളിലെ വോട്ടിം​ഗ് ശതമാനം.

വടകരയില്‍ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂ തുടരുകയാണ്. ആറ് മണിക്ക് വോട്ടിം​ഗ് സമയം അവസാനിച്ചപ്പോൾ ​പോളിം​ഗ് ബൂത്തിന്റെ ​ഗേറ്റ് അടച്ച് ടോക്കൺ നൽകുകയായിരുന്നു. വടകരയിലെ ചില ബൂത്തുകളിൽ 500 ഓളം ആളുകളാണ് ടോക്കൺ വാങ്ങി വോട്ടു ചെയ്യാനായി ക്യൂ നിൽക്കുന്നത്.

യന്ത്രത്തകരാറും ബീപ്പ് ശബ്ദം വരാൻ എടുക്കുന്നതിലെ കാലതാമസവുമാണ് വോട്ടിം​ഗ് വെെകിക്കുന്നതിന് ഇടയാക്കിയത്. വേളം, മണിയൂര്‍, വിലങ്ങാട് എന്നിവിടങ്ങളിലാണ് കാര്യമായി യന്ത്രം തകരാറിലായയി. ഇതെല്ലാമാണ് വടകരയിലെ പോളിങ് മന്ദഗതിയിലാവാന്‍ കാരണമായതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഓപ്പണ്‍ വോട്ടുകള്‍ കൂടിയതും പോളിങ് വൈകാനിടയായി. ഇതിനിടെ ഓപ്പണ്‍വോട്ടിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നാദാപുരത്തെ രണ്ട് ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസര്‍മാരെ ജില്ലാ കലക്ടര്‍ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു.

06.45 വരെയുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുപ്രകാരം കേരളത്തില്‍ 69.04 ശതമാനമാണ് പോളിങ്. ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്- 73.80%. പത്തനംതിട്ടയിലാണ് കുറവ്- 63.05%.