വിവാഹമണ്ഡപത്തിൽ നിന്നും നേരെ പോളിങ്ങ് ബൂത്തിലേക്ക്; കൗതുകമായി കൊയിലാണ്ടിയിലെയും ബാലുശ്ശേരിയിലെയും നവദമ്പതികളുടെ വോട്ടിം​ഗ്


കൊയിലാണ്ടി: വിവാഹമണ്ഡപത്തിൽ നിന്നും നേരെ പോളിങ്ങ് ബൂത്തിലെത്തി നവദമ്പതികൾ. കൊയിലാണ്ടി, ബാലുശ്ശേരി എന്നിവിടങ്ങളിൽ നിന്നാണ് ഈ കൗതുക കാഴ്ച. കൊയിലാണ്ടി മേലൂർ മീത്തലെ കാരോൽ ഉദയകുമാറിന്റെ മകൾ ആദിത്യയും ബാലുശ്ശേരി പൂനത്ത് ചെറുവത്ത്താഴെ കുനിയിൽ നവവധു അയനയുമാണ് വരന്മാരോടൊപ്പം പോളിം​ഗ് ബൂത്തിലെത്തി സമ്മദിദായവകാശം വിനിയോ​ഗിച്ചത്.

വാണിമേൽ സ്വദേശിയും സൈനികനുമായ ഇ വിഷ്ണു പ്രസാദാണ് ആദിത്യയുടെ വരൻ. വെളിയാഴ്ച ഉച്ചക്ക് 12 നും 12. 45 നുമിടക്കുള്ള മുഹൂർത്തത്തിലായിരുന്നു ഇവരുടെ വിവാഹം. ചടങ്ങുകളെല്ലാം കഴിഞ്ഞ ഭർതൃ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മേലൂർ എൽ. പി സ്കൂളിലേക്ക് ഇരുവരും എത്തി വോട്ടുരേഖപ്പെടുത്തിയത്.

അയന വരൻ സുബിൻ കൃഷ്ണയോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തിയത്. പുനത്ത് നെല്ലിശ്ശേരി എ യൂ പി സ്കൂളിലെ പോളിം​ഗ് ബൂത്തിലെത്തിയാണ് അയന വോട്ട് ചെയ്തത്.

അതേസമയം വിവാഹം കഴിഞ്ഞ്, വിവാഹവേഷത്തിൽ വധുവരന്മാര്‍ പോളിങ്ങ് ബൂത്തിലേക്ക് എത്തിയ സംഭവം മറ്റിടങ്ങളിലുമുണ്ട്. ഗുരുവായൂരമ്പലത്തിൽ താലി കെട്ടിയ ഉടനെയാണ് കന്നി വോട്ട് ചെയ്യാൻ നവവധു വരനോടൊപ്പം പോളിങ്ങ് ബൂത്തിലെത്തിയത്. മുല്ലശേശരി പറമ്പന്തള്ളി ക്ഷേത്രത്തിന് സമീപം നടുവിൽ പുരക്കൽ രാജീവിന്റെ മകൾ തീർത്ഥയാണ് ഗുരുവായൂരമ്പലത്തിൽ താലി കെട്ടിയ ഉടൻ വരൻ രോഹിത്തിനൊപ്പം എത്തി വോട്ട് ചെയ്തത്. മുല്ലശേരി സർക്കാർ ഹയർ സെക്കണ്ടറി സ്‌ക്കൂളിലെ 102-ാം ബൂത്തിലായിരുന്നു തീർത്ഥയുടെ കന്നി വോട്ട്.

ആലപ്പുഴയിലും വിവാഹം കഴിഞ്ഞ് വധൂവരന്മാർ പോളിങ്ങ് ബൂത്തിലെത്തി. എസ്.എൻ.പുരം പുത്തൻവെളി വീട്ടിൽ അനന്തുവും ചേർത്തല തെക്ക് മുരളീവം വീട്ടിൽ മേഘനയുമാണ് വിവാഹവേഷത്തിൽ പോളിം​ഗ് ബൂത്തിലെത്തിയത്.