പോളിങ് അവസാനിച്ചു, വടകരയില്‍ ബൂത്തുകളില്‍ ഇപ്പോഴും നീണ്ട ക്യൂ, വോട്ടര്‍മാര്‍ക്ക് ഉദ്യോഗസ്ഥര്‍ ടോക്കണ്‍ നല്‍കി


വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് സമയം അവസാനിച്ചു. എന്നാല്‍ വടകര മണ്ഡലത്തിലെ വിവിധ ബൂത്തുകളിലായി നിരവധി പേരാണ് ഇപ്പോഴും അവസരം കാത്ത് ക്യൂ നില്‍ക്കുന്നത്. ആറ് മണിയായതോടെ ക്യൂവിലുള്ളവര്‍ക്ക് ഉദ്യോഗസ്ഥര്‍ ടോക്കണ്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. നിലവിലെ സ്ഥിതിയനുസരിച്ച് രാത്രിയോളം വോട്ടിംഗ് തുടരുമെന്നാണ് സൂചന.

പോളിങ് ആരംഭിച്ചത് മുതല്‍ വടകരയിലെ വിവിധയിടങ്ങളില്‍ പോളിങ് മന്ദഗതിയിലാണെന്ന് വോട്ടര്‍മാര്‍ പറഞ്ഞിരുന്നു. പലപ്പോഴും വോട്ട് ചെയ്ത ബീപ്പ് ശബ്ദം വരാന്‍ ലേറ്റായതാണ് കാരണം. ഇതിനിടയില്‍ ജില്ലയില്‍ ഓപ്പണ്‍ വോട്ട് നിര്‍ത്തിവെച്ചതും ആശങ്കകള്‍ക്ക് വഴിവെച്ചിരുന്നു.

ജില്ലയില്‍ പലയിടത്തും രാവിലെ വോട്ടിംഗ് യന്ത്രം തകരാറിലാവുകയും ചെയ്തിരുന്നു. വേളം, മണിയൂര്‍, വിലങ്ങാട് എന്നിവിടങ്ങളിലാണ് കാര്യമായി യന്ത്രം തകരാറിലായയി. ഇതെല്ലാമാണ് വടകരയിലെ പോളിങ് മന്ദഗതിയിലാവാന്‍ കാരണമായതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇതിനിടെ ഓപ്പണ്‍വോട്ടിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നാദാപുരത്തെ രണ്ട് ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസര്‍മാരെ ജില്ലാ കലക്ടര്‍ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു.

വടകരയിലെ പോളിങ് മന്ദഗതിയിലാണെന്ന് കെ.കെ രമ എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മാത്രമല്ല ആവശ്യത്തിന് പോളിംഗ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കില്ലെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെടണമെന്നും എംഎല്‍എ പറഞ്ഞിരുന്നു.