സോഷ്യല്‍മീഡിയയിലൂടെ കെ.കെ ശൈലജ ടീച്ചര്‍ക്കെതിരായ വ്യാജ പ്രചാരണം; പേരാമ്പ്ര വാളൂര്‍ സ്വദേശിയ്‌ക്കെതിരെ കേസ്, അന്വേഷണം കൂടുതല്‍ പേരിലേക്ക്‌


 

വടകര: വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍ക്കെതിരായ വ്യാജപ്രചാരണത്തില്‍ പേരാമ്പ്ര വാളൂര്‍ സ്വദേശിയ്‌ക്കെതിരെ കേസ്. യൂത്ത് ലീഗ് പ്രവര്‍ത്തകനായ സല്‍മാന്‍ വാളൂരിനെതിരെയാണ് കേസെടുത്തത്. ലഹളയും പ്രകോപനവും ഉണ്ടാക്കുന്ന തരത്തില്‍ വീഡിയോയും ചിത്രങ്ങളും എഡിറ്റ് ചെയ്ത് സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചതിനാണ് കേസ്. കേസില്‍ കൂടുതല്‍പേരെ പോലീസ് പ്രതി ചേര്‍ത്തതായാണ് വിവരം

കഴിഞ്ഞ ദിവസമാണ് തന്റെ പേരില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുന്നതിനെതിരെ കെ.കെ ശൈലജ ടീച്ചര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. സംഭവത്തില്‍ ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂമാഹി പഞ്ചായത്ത് അംഗവുമായ ടി.എച്ച് അസ്ലമിനെതിരെ പോലീസ് കേസെടുത്തിരുന്നു.

ടീച്ചര്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് മങ്ങാട് സ്‌നേഹതീരം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു അസ്ലം വ്യാജ പ്രചാരണം നടത്തിയത്. റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിപാടിക്കിടെ കെ.കെ ശൈലജ പറഞ്ഞ വാക്കുകള്‍ എഡിറ്റ് ചെയ്ത്  മുസ്ലീംകള്‍ വര്‍ഗീയവാദികളാണെന്ന് കെ.കെ ശൈലജ പറഞ്ഞുവെന്ന തരത്തിലാണ് ഇയാള്‍ ഗ്രൂപ്പില്‍ വ്യാജ പ്രചാരണം നടത്തിയത്. സമൂഹത്തില്‍ ലഹള ഉണ്ടാക്കണമെന്ന് ഉദ്ദേശത്തോടെയാണ്‌ പോസ്റ്റ് ഇട്ടതെന്നാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെയും കക്ഷി ചേര്‍ത്തിട്ടുണ്ട്‌. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുകൊണ്ട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ മുഖ്യനേതൃത്വത്തില്‍ നവമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ സത്വര നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്‌.