കായണ്ണ മൊട്ടന്തറ കോളനിയില്‍ വീടിനുള്ളില്‍ വയോധികന്റെ മൃതദേഹം; മൃതശരീരം ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍


കായണ്ണ: കായണ്ണ മൊട്ടന്തറ രാജീവ് ദശലക്ഷം കോളനിയില്‍ വയോധികന്‍ മരിച്ച നിലയില്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ കോളനിയില്‍ താമസിച്ചിരുന്ന വിജയന്‍ ആണ് മരിച്ചത്. അറുപത്തിരണ്ട് വയസായിരുന്നു. മൃതദേഹം ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ്.

ഇന്ന് രാവിലെ കോളനി നിവാസികള്‍ വീടിനകത്ത് കയറി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. കൂരാച്ചുണ്ട് പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.

പതിനഞ്ചുവര്‍ഷം മുമ്പ് ഇതേ കോളനിയില്‍ താമസക്കാരനായിരുന്നു വിജയന്‍. അക്കാലത്ത് കായണ്ണ സിദ്ധാശ്രമത്തില്‍ കുറച്ചുകാലം ജോലി ചെയ്തിരുന്നു. പിന്നീട് കോഴിക്കോടേക്ക് പോയതായാണ് വിവരം. ഇയാളുടെ സ്വദേശം വ്യക്തമല്ല.

നാലഞ്ചു ദിവസം മുമ്പാണ് ഇയാള്‍ വീണ്ടും കോളനിയിലേക്ക് എത്തിയത്. ഇയാളുടെ വീടിന് സമീപത്തെ ഒഴിഞ്ഞ വീട്ടില്‍ താമസമാക്കുകയായിരുന്നു. സമീപവാസികള്‍ ഭക്ഷണവും വെള്ളവുമൊക്കെ ഇടയ്ക്ക് നല്‍കിയിരുന്നു. ഇന്നലെ പുറത്തൊന്നും കണ്ടിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇന്നും കാണാതായതോടെ വീടിനകത്ത് കയറി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.