വിദേശമദ്യം കൈവശംവെച്ച് വില്‍പ്പന നടത്തിയ കൂത്താളി സ്വദേശി പിടിയില്‍; അറസ്റ്റിലായത് മദ്യവില്‍പ്പന നടത്തുന്നതിനിടെ


പേരാമ്പ്ര: വിദേശ മദ്യവുമായി കൂത്താളി സ്വദേശി പേരാമ്പ്ര എക്‌സൈസിന്റെ പിടിയില്‍. കൂത്താളിയില്‍ മദ്യവില്‍പ്പന നടത്തിയ തിയ്യര്‍കണ്ടിചാലില്‍ രാജന്‍ (62) ആണ് പിടിയിലായത്.

പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജനാര്‍ദ്ദനന്‍ പി.പിയും പാര്‍ട്ടിയും നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. മെയ് ഒന്നാം തിയ്യതിയായതിനാല്‍ ഇന്നലെ മദ്യവില്‍പ്പനശാലകള്‍ അവധിയായിരുന്നു. ഈ അവസരം മുതലാക്കി വീടിന് സമീപത്തുവെച്ച് മദ്യവില്‍പ്പന നടത്തുകയായിരുന്നു പ്രതിയെന്ന് എക്‌സൈസ് പറഞ്ഞു. ഇയാളില്‍ നിന്നും മദ്യം പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെയും ഇയാള്‍ വിദേശമദ്യം കൈവശം വെച്ചതിന് പിടിയിലായിരുന്നതായി എക്‌സൈസ് അധികൃതര്‍ വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു.

പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ പി.കെ.സജിത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.പി.ഷബീര്‍, എസ്.ജെ.അനൂപ് കുമാര്‍ എന്നിവര്‍ ഉണ്ടായിരുന്നു.