ഇനി എന്ത് പഠിക്കണം, എന്ത് ജോലി? ഭാവിയെ കുറിച്ചുള്ള ആശയക്കുഴപ്പത്തിലാണോ? വിദ്യാർത്ഥികളുടെ ഇഷ്ടങ്ങൾ കണ്ടെത്തി ശരിയായ വഴികാട്ടിയാകാൻ പേരാമ്പ്രയിലുണ്ട് സർക്കാരിന്റെ കരിയർ ഡവലപ്പ്മെന്റ് സെന്റർ


പേരാമ്പ്ര: പ്ലസ് ടു കഴിഞ്ഞ് ഇനി എന്ത് എന്ന് ആലോചിച്ച് ആശങ്കപെടേണ്ട, നിങ്ങൾക്ക് വഴികാട്ടിയാകാൻ പേരാമ്പ്രയിൽ സംസ്ഥാന സർക്കാർ സ്ഥാപനമായ കരിയർ ഡവലപ്പ്മെന്റ് സെന്റർ (സി.ഡി.സി) ഉണ്ട്. വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, സ്കോളർഷിപ്പുകൾ, മത്സര പ്രവേശന പരീക്ഷാ പരിശീലനം തുടങ്ങി വിദ്യാഭ്യാസം, തൊഴിൽ സംബന്ധമായ എല്ലാ വിവരങ്ങളും പ്രായഭേദമന്യേ എല്ലാർക്കും ലഭ്യമാക്കുന്നതിനായി 2017 ൽ ആരംഭിച്ച സ്ഥാപനമാണ് സിഡിസി.

വ്യക്തിഗതവും ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ളതുമായ കരിയർ കൗൺസിലിങ്, സൈക്കോമേട്രിക് ടെസ്റ്റുകൾ, പ്രീ- ഇന്റർവ്യൂ ഡിസ്കഷൻ, റെസ്യുമെ തയാറാക്കൽ, മോക് – ഇന്റർവ്യൂ, ഇംഗ്ലീഷ് ഭാഷ പരിശീലന പരിപാടികൾ എന്നിവ നൽകുന്നു. സ്ത്രീകൾ, ഭിന്നശേഷിക്കാർ, പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾ എന്നിവർക്കായുള്ള പ്രത്യേക പരിശീലനവും കൂടാതെ പി.എസ്.സി, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളും നൽകിവരുന്നു. എല്ലാ സേവനങ്ങളും സൗജന്യമാണ്.

കോഴിക്കോട് ജില്ലയിലെ ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി അവർക്ക് ഉന്നത സ്ഥാപനങ്ങളിൽ ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടികൊടുക്കുന്ന പദ്ധതിയായ ധനുസ്സ് 2018 ലാണ് തുടങ്ങിയത്. ആദ്യ ബാച്ചിലെ 200 വിദ്യാർഥികളിൽ 139 പേർക്കും ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവേശനം ലഭിച്ചു. കോഴിക്കോട് ഗവ. ആർട്സ് & സയന്‍സ് കോളേജുമായി ചേർന്ന് കുട്ടികൾക്ക് കരിയർ ഗൈഡൻസ് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘ഫോക്കസ്’ പദ്ധതി, കാക്കൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും തൊഴിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വിങ്ങ്സ് പദ്ധതി എന്നിവയും നടത്തിവരുന്നു. പരിചയസമ്പന്നരായ അധ്യാപകരും വിശാലമായ ലൈബ്രറിയും പേരാമ്പ്ര സി ഡി എസിന്റെ പ്രത്യേകതയാണ്.

ഇങ്ങനെ കോഴിക്കോട്ടെ ഗ്രാമീണ മേഖലകളിലുള്ള ആയിരക്കണക്കിന് യുവതീ യുവാക്കൾക്കാണ് സി ഡി സി വഴികാട്ടി ആയത്. ഇതുവരെ 13,000 ത്തിൽ അധികം വിദ്യാർത്ഥികൾ 2017 ൽ സ്ഥാപിക്കപ്പെട്ട സി ഡി സി യുടെ സേവനം ഉപയോഗപ്പെടുത്തി. ഇതിൽ 7746 പേർ പെൺകുട്ടികളാണ്. 10,000 ത്തിൽപ്പരം പേർ മികവിന്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടി, എൻഐടി, ഐസർ, ഇഫ്ലൂ, ഐസിഎആർ, ജെഎൻയു, ടിസ്സ് പോലുള്ള സ്ഥാപനങ്ങളിൽ പ്രവേശനം നേടിയതും സി ഡി സി തെളിച്ച വഴിയിലൂടെ സഞ്ചരിച്ചാണ്.

സി ഡി സിയുടെ മത്സര പരീക്ഷാപരിശീലന പരിപാടികളിൽ 800 ൽ കൂടുതൽ വിദ്യാർത്ഥികൾ പങ്കെടുത്തതിൽ 364 പേർ പി എസ് സി പരീക്ഷ എഴുതി സർക്കാർ മേഖലയിൽ ജോലി നേടി. 217 പേർ വിവിധ റാങ്ക് ലിസ്റ്റിലും ഇടം പിടിച്ചു.

“ഓരോ വ്യക്തിക്കും ഓരോ തരത്തിലുള്ള കഴിവുകളുണ്ട്. അത് കണ്ടെത്താൻ സഹായിക്കുകയും പിന്തുണ ലഭിക്കുകയും ചെയ്‌താൽ അവർക്ക് സ്വയം പര്യാപ്തരാകാനും ജീവിതത്തിൽ മുന്നോട്ട് പോകാനും സാധിക്കും. ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ആ വഴി വെട്ടലാണ് ഞങ്ങൾ ചെയ്യുന്നത്, ” ജില്ലാ എംപ്ലോയ്മെന്റ് ഓഫീസറും സി ഡി സി മാനേജറുമായ സി കെ സജിഷ് പറയുന്നു.

പേരാമ്പ്ര എം എൽ എ, ടി പി രാമകൃഷ്ണൻ സംസ്ഥാന തൊഴിൽ മന്ത്രിയായ വേളയിലാണ് അദ്ദേഹം മുൻകൈയെടുത്തു 2017 ഫെബ്രുവരി 4ന് നാഷണൽ എംപ്ലോയ്മെന്റ് വകുപ്പിന്റെ കീഴിൽ സി ഡി സി സ്ഥാപിക്കുന്നത്.