സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ല; പകരം മറ്റു വഴി തേടണമെന്ന് കെഎസ്ഇബിയോട് സര്‍ക്കാര്‍


തിരുവനന്തപുരം: വേനല്‍ക്കാലത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തില്ല. വൈദ്യുതി പ്രതിസന്ധിക്ക് മറ്റു വഴികൾ തേടാന്‍ സര്‍ക്കാര്‍ കെഎസ്ഇബിയോട് ആവശ്യപ്പെട്ടു. വൈദ്യുതിമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കെഎസ്ഇബി ഉന്നതതല യോഗത്തിലാണ് ലോഡ് ഷെഡ്ഡിങ് വേണമെന്ന കെഎസ്ഇബിയുടെ നിര്‍ദേശം സര്‍ക്കാര്‍ നിരാകരിച്ചത്.

വേനല്‍ക്കാലത്ത് വൈദ്യുത ഉപഭോഗം കുത്തനെ ഉയര്‍ന്നത് കെ.എസ്.ഇ.ബിയെ പ്രതിസന്ധിയിലാക്കിയിരുന്നു. പീക്ക് ടൈമില്‍ ഉപഭോഗം കുത്തനെ ഉയര്‍ന്നത് ഗ്രിഡുകളെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. നിരവധി ട്രാന്‍സ്‌ഫോര്‍മറുകള്‍ അടക്കം തകരാറിലായി. ഇതിന് പിന്നാലെ പ്രധാനപ്പെട്ട അണക്കെട്ടുകളിലെ ജലനിരപ്പ് കുത്തനെ താഴ്ന്നതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

നിലവിലെ സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താതെ തരമില്ല എന്ന് യോഗത്തില്‍ കെഎസ്ഇബി ആവര്‍ത്തിച്ചു. എന്നാല്‍ പ്രതിസന്ധിക്ക് ബദല്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കാനാണ് നിര്‍ദേശം. വൈദ്യുതി ഉപഭോഗം കൂടുതലുള്ള പ്രദേശത്തെ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് വേണ്ടത്ര ശേഷിയില്ലാത്ത മേഖലകളില്‍ താല്‍ക്കാലിക വൈദ്യുതി നിയന്ത്രണം അടക്കം പരിഗണിക്കാനാണ് നീക്കം.

ലോഡ് ഷെഡിങ്ങിന് പകരം വൈദ്യുതി ഉപഭോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. പതിനഞ്ച് ദിവസം നിയന്ത്രണം വേണ്ടി വരുമെന്നാണ് ബോര്‍ഡിന്റെ നിലപാട്.

ലോഡ്‌ഷെഡിങ്ങിന് പകരം ക്രമീകരണം എന്താവണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കെഎസ്ഇബിയുടെ ഉന്നതതല യോഗം ഇന്ന് വൈകീട്ട് ചേരും. ഇതിലെ തീരുമാനം സര്‍ക്കാരിനെ അറിയിക്കും. വിഷയത്തില്‍ വൈദ്യുതി മന്ത്രി ഇന്ന് മുഖ്യമന്ത്രിയെ കാണും.