‘വടകര വർഗീയതയെ അതിജീവിക്കും’; വടകരയില്‍ നാളെ ഡിവൈഎഫ്‌ഐയുടെ ‘യൂത്ത് അലേര്‍ട്ട്’


വടകര: വടകരയില്‍ നടന്ന വ്യാജ വര്‍ഗീയ പ്രചാരണത്തിനെതിരെ വെള്ളിയാഴ്ച യൂത്ത് അലേര്‍ട്ട് സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ. ധ്രൂവികരണ ലക്ഷ്യങ്ങള്‍ക്കെതിരെയാണ് യൂത്ത് അലേര്‍ട്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യൂത്ത് കോണ്ഗ്രസാണ് വ്യാജ വര്‍ഗീയ പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. വടകരയുടെ നന്മയെ തകര്‍ക്കരുത്. രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും വ്യാജന്മാരാണ്. നുണ പറഞ്ഞു ജയിക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തിയത്. ടീച്ചറെ അധിക്ഷേപിക്കാന്‍ ഗവേഷണം വരെ നടന്നു. വടകര ഇതിനെയെല്ലാം അതിജീവിക്കുമെന്നും വസീഫ് പറഞ്ഞു.

നാളെ വൈകുന്നേരം 5മണിക്ക് വടകര പുതിയ ബസ് സ്റ്റാന്റ് പരിസരത്താണ് യൂത്ത് അലേര്‍ട്ട് സംഘടിപ്പിക്കുന്നത്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എ.എ റഹീം, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, വി.വസീഫ് തുടങ്ങിയവര്‍ നളെ സംസാരിക്കും.

അതേ സമയം പാര്‍ലിമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര, കോഴിക്കോട് മണ്ഡലങ്ങളില്‍ വര്‍ഗീയ പ്രചാരണം നടത്തുന്നതില്‍ നിന്നും സിപിഐഎം പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്ത് വന്നിരുന്നു.