വ്യാജ ഫേസ്ബുക്ക് ഐഡിയിലൂടെ വടകര നഗരസഭാ സെക്രട്ടറിയുടെ പേരില്‍ തട്ടിപ്പ്; സുഹൃത്തിന് നഷ്ടമായത് 35,000 രൂപ


വടകര: വടകര നഗരസഭാ സെക്രട്ടറി എന്‍.കെ ഹരീഷിന്റെ പേരില്‍ തട്ടിപ്പ്. ഫേസ്ബുക്കില്‍ വ്യാജ ഐഡി നിര്‍മ്മിച്ച് മെസഞ്ചറില്‍ സുഹൃത്തുക്കളോട് പണം ആവശ്യപ്പെടുകയായിരുന്നു. ഹരീഷ് എന്‍.കെ എന്നാണ് സെക്രട്ടറിയുടെ ഫേസ്ബുക്ക് ഐഡി. എന്നാല്‍ തട്ടിപ്പ് നടത്തിയാള്‍ ഹരീഷ് എന്‍.കെ.എന്‍.കെ എന്ന പേരില്‍ ഐഡി ഉണ്ടാക്കി പണം ആവശ്യപ്പെടുകയായിരുന്നു.

ഹരീഷിന്റെ ഒരു സുഹൃത്തിനോട് തനിക്ക് അത്യാവശ്യമായി പണം ആവശ്യമുണ്ട് എന്ന മെസേജ് അയച്ച് 35,000 രൂപ തട്ടിയെടുക്കുകയായിരുന്നു. പണം അയച്ച ശേഷം സുഹൃത്ത് സ്‌ക്രീന്‍ഷോട്ട് ഹരീഷിന് അയച്ചപ്പോഴാണ് തട്ടിപ്പ് നടന്നത് പുറത്തറിഞ്ഞത്.

ഉടന്‍ തന്നെ സുഹൃത്തിനെ വിളിച്ച് കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞ ശേഷം ഹരീഷ് ഫേസ്ബുക്കില്‍ തട്ടിപ്പിനെക്കുറിച്ച്
മുന്നറിയിപ്പ് നല്‍കുകയായിരുന്നു. വ്യാജ ഐഡിയില്‍ നിന്നും നിരവധി പേര്‍ക്ക് പണം ആവശ്യപ്പെട്ടുകൊണ്ട് മെസേജ് അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ വടകര പോലീസില്‍ പരാതി നല്‍കി.

വടകരയിലെ പോലീസ് ഉദ്യോഗസ്ഥരുടെ പേരിലും ഇത്തരത്തില്‍ വ്യാജ ഐഡി നിര്‍മ്മിച്ച് പണം തട്ടാന്‍ ശ്രമങ്ങള്‍ നടത്തിയുട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.