വീടുകളും സ്ഥാപനങ്ങളുമെല്ലാം മഴയ്ക്ക് മുമ്പ് ശുചീകരണം നടത്തുക; ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും


ചോറോട് ഈസ്റ്റ്: ചോറോട് ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവൃത്തിയുടെ അക്ഷൻ പ്ലാൻ തയ്യാറാക്കി. സാനിറ്റേഷൻ കമ്മിറ്റി യോഗം വിളിച്ചു ചേർത്താണ് പ്ലാന്‍ തയ്യാറാക്കിയത്‌. പത്തോളം റോഡുകളുടെ അഴുക്കുചാലുകൾ ശുചിയാക്കി വെള്ളമൊഴുക്കിന് സൗകര്യമൊരുക്കുക, പൊതു സ്ഥലങ്ങളിലെ മാലിന്യ നിക്ഷേപങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താനും ശുചീകരണം നടത്താനും തീരുമാനിച്ചു. പ്ലാസ്റ്റിക്ക് ബോട്ടിലുകൾ, കവറുകൾ വലിച്ചെറിയുന്നതിനെതിരെ ശക്തമായ നടപടിയും ബോധവൽക്കരണവും നടത്തുക തുടങ്ങിയ തീരുമാനങ്ങള്‍ എടുത്തു.

ഒപ്പം യഥാസമയം പ്രതിരോധ കുത്തിവെപ്പുകൾ എടുക്കാൻ വിസമ്മതം കാണിക്കുന്നവർക്ക് ആവശ്യമായ ബോധവൽക്കരണം നടത്തും. കിണറുകളിൽ ബ്ലീച്ചിങ്ങ് യഥാസമയം നടത്തും. വീടുകൾ, സ്ഥാപനങ്ങൾ, കടകൾ എന്നിവ മഴയ്ക്ക് മുമ്പ് ശുചീകരണം നടത്തണം. തോടുകൾ ഓവുചാലുകൾ ശുചീകരിക്കാനും യോഗത്തില്‍ തീരുമാനമായി.

ഒമ്പത് ക്ലസ്റ്റർ മീറ്റിങ്ങുകള്‍ ഉടന്‍ വിളിച്ചു ചേര്‍ക്കാനും, ആരോഗ്യ വളണ്ടിയർമാർ, ക്ലസ്റ്റർ കൺവീനർമാർ എന്നിവരുടെ യോഗം മെയ് 4ന് ചേരാനും തീരുമാനമായി. ആശാവർക്കർ ശൈലജ വാർഡ് അവലോകനം നടത്തി.

യോഗത്തിൽ പഞ്ചായത്തംഗം പ്രസാദ് വിലങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് ചുമതലയുള്ള ജെ.എച്ച്.ഐ അബ്ദുൾ ഹമീദ് റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് വികസന സമിതി കൺവീനർ വി.അനിൽകുമാർ, അങ്കണവാടി വർക്കർ പ്രഭാവതി, കമ്മിറ്റി അംഗങ്ങളായ എം. രാജൻ, സി.പി. ചന്ദ്രൻ, എം.ടി.കെ ഗീത എന്നിവർ സംസാരിച്ചു.