കുടുംബശ്രീയില്‍ കേരളത്തിനും മാതൃകയായി വടകര നഗരസഭ; ചിട്ടയായ പ്രവര്‍ത്തനങ്ങളിലുടെ നേടിയെടുത്തത് സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഹരിത അയൽക്കൂട്ടം വാര്‍ഡ് എന്ന നേട്ടം


വടകര: സ്ത്രീ ശാക്തീകരണ മേഖലയില്‍ ലോകത്തിനാകമാനം കുടുംശ്രീ എന്ന പ്രസ്ഥാനം മാതൃകയാകുമ്പോള്‍ വടകര നഗരസഭയ്ക്കും അഭിമാനിക്കാന്‍ ഏറെയുണ്ട്. സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ ഹരിത അയല്‍ക്കൂട്ടം വാര്‍ഡ് എന്ന പേര്‌ നേടിയെടുത്തത് നഗരസഭയിലെ 29-0ാം വാര്‍ഡായ കൊക്കഞ്ഞാത്ത് ആണ്‌. വാര്‍ഡിലെ 10 അയക്കൂട്ടങ്ങളുടെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് നഗരസഭയ്ക്ക് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്.

നെറ്റ് സീറോ കാർബൺ എമിഷൻ പ്രവർത്തനത്തിന്റെ ഭാഗമായി നവകേരളം കർമ്മ പദ്ധതിയുടെ ആഭിമുഖ്യത്തിൽ ഹരിത കേരളം മിഷൻ കുടുംബശ്രീ മിഷൻ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് വടകര നഗരസഭയില്‍ പദ്ധതി നടപ്പിലാക്കിയത്‌. പദ്ധതിയുടെ ഭാഗമായി കൊക്കഞ്ഞാത്തില്‍ അയല്‍ക്കൂട്ടങ്ങളുടെ നേതൃത്വത്തില്‍ വീടുകള്‍ സന്ദര്‍ശിച്ച് മാലിന്യ സംസ്‌ക്കരണത്തെക്കുറിച്ച് സര്‍വ്വേകള്‍ നടത്തുകയും വീട്ടുകാരോട് പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

ഹരിത അയല്‍ക്കൂട്ടം പ്രവര്‍ത്തനം നടത്തുന്നതിന്റെ ഭാഗമായി 2023ലാണ് കൊക്കഞ്ഞാത്ത് വാര്‍ഡിനെ പൈലറ്റ് വാര്‍ഡായി തിരഞ്ഞെടുക്കാന്‍ നഗരസഭ തീരുമാനിച്ചത്. പിന്നാലെ ആഗസ്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ആകെ 10 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളാണ് ഈ വാര്‍ഡിലുള്ളത്. ആഗസ്ത് 5നായിരുന്നു ഹരിത അയല്‍ക്കൂട്ടത്തിന്റെ
പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി അഞ്ചംഗ മോണിറ്ററിംഗ് കമ്മിറ്റി രൂപികരിച്ചു. തുടര്‍ന്ന് തയ്യാറാക്കിയ സര്‍വ്വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ചത്.

തുടര്‍ന്ന് സിഡിഎസ് മെമ്പര്‍ റീജയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നവകേരളം കര്‍മ പദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍ ഷംന പി ഹരിത അയല്‍ക്കൂട്ടം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. അയല്‍ക്കൂട്ടങ്ങളിലെ ഓരോ അംഗങ്ങളുടെ വീടുകളിലും മാലിന്യ സംസ്‌കരണം, കൃഷി, ജലസംരക്ഷണം, ഹരിത ചട്ട പാലനം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തി അതാത് അയല്‍ക്കൂട്ടങ്ങളെ ഹരിത അയല്‍ക്കൂട്ടങ്ങളായി പ്രഖാപിക്കുകയായിരുന്നു ലക്ഷ്യം.

തുടര്‍ന്ന് വാര്‍ഡിലെ പത്ത് അയല്‍ക്കൂട്ടങ്ങളിലെയും അംഗങ്ങളെ വിളിച്ചു ചേര്‍ത്ത് പദ്ധതി വിശദീകരിച്ചു. പിന്നാലെ മുഴുവന്‍ അംഗങ്ങളുടെയും വീടുകളുടെ അവസ്ഥ പരിശോധിക്കാനും സര്‍വ്വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കി. ഓരോ അയല്‍ക്കൂട്ടത്തിലെയും വീടുകള്‍ മോണിറ്ററിങ് സമിതിയുടെ നേതൃത്വത്തിലും മുനിസിപ്പാലിറ്റി തലത്തിലും പരിശോധന നടത്തിയാണ് ഹരിത അയല്‍ക്കൂട്ടമായി പ്രഖ്യാപിച്ചത്. മാത്രമല്ല ഹരിത അയല്‍ക്കൂട്ടം പദ്ധതിയുടെ തുടര്‍ച്ചയായി വീടുകളില്‍ വിവിധ തരം പച്ചത്തുരുത്ത് നിര്‍മ്മാണവും, സോളാര്‍ പാനല്‍ സ്ഥാപിക്കാനും പദ്ധതിയിട്ടിരുന്നു.

വാര്‍ഡിലെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളിലും മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയതോടെ നഗരസഭ പ്രതിനിധികളും ഹരിത കേരളം മിഷന്‍ പ്രതിനിധികളും നവംബര്‍ മാസത്തോടെ അയല്‍ക്കൂട്ട പരിശോധനകള്‍ നടത്തി. മുനിസിപ്പാലിറ്റി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിഷാന്ത്, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ചന്ദ്രന്‍, നവകേരളം പദ്ധതി കെട്‌നിക്കല്‍ അസിസസ്റ്റന്റ് വിവേക് വിനോജ്, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ഷംന പി, ഹരിത കേരള മിഷന്‍ ഇന്റേണ്‍ ഐശ്വര്യ, കുടുംബശ്രീ പ്രതിനിധികള്‍, വാര്‍ഡ് വികസന സമിതി പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

നവംബര്‍ 20ന് ആറ് അയല്‍ക്കൂട്ടങ്ങളും നവംബര്‍ 21ന് നാല് അയല്‍ക്കൂട്ടങ്ങളഉം പരിശോധന നടത്തി. ഏതാണ്ട്‌ അഞ്ച് മാസക്കാലം നീണ്ടു നിന്ന നിരന്തരമായ ശ്രമങ്ങളുടെ ഫലമായാണ് കൊക്കഞ്ഞാത്ത് ആദ്യ സമ്പൂര്‍ണ ഹരിത അയല്‍ക്കൂട്ടം വാര്‍ഡ് എന്ന നേട്ടം സ്വന്തമാക്കിയത്.

കൊക്കഞ്ഞാത്ത് വാര്‍ഡില്‍ മാത്രമായി അവസാനിപ്പിക്കേണ്ട ഒരു പദ്ധതിയല്ല ഹരിത അയല്‍ക്കൂട്ടം പദ്ധതിയെന്നും നഗരസഭയിലെ ബാക്കിയെല്ലാം വാര്‍ഡുകളിലും ഇതിന്റെ പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്തുമ്പോഴാണ് സമ്പൂര്‍ണ ഹരിത അയല്‍ക്കൂട്ടം നഗരസഭയായി വടകര മാറുകയുള്ളൂവെന്നാണ്‌ നഗരസഭ വൈസ് ചെയര്‍മാനും വാര്‍ഡ് മെമ്പറുമായ പി.കെ സതീശന്‍ മാസ്റ്റര്‍ വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞത്‌.