ഖല്‍ബില് തേനൊഴുകുന്ന കോഴിക്കോട്ടെ ഖല്‍ബോട് ചേര്‍ന്ന് നില്‍ക്കുന്നയിടങ്ങള്‍; ഒറ്റ ദിവസം കൊണ്ട് കോഴിക്കോട്ടെ ഈ സ്ഥലങ്ങളിലെല്ലാം പോയി വരാം


കോഴിക്കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി കുടുംബവുമായി ഒറ്റ ദിവസം കൊണ്ട് പോയി വരാന്‍ പറ്റുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഏതെല്ലാമാണ്. ബീച്ചും പ്ലാനറ്റോറിയവും മുതല്‍ ഒരുപാട് കാഴ്ചകള്‍ കോഴിക്കോട് നഗരത്തില്‍ തന്നെ നമ്മളെ കാത്തിരിക്കുന്നുണ്ട്. കുറച്ച് ഉള്‍പ്രദേശങ്ങളിലേക്ക് പോയി കഴിഞ്ഞാല്‍ പ്രകൃതി ഒരുക്കി വെച്ച പല വിസ്മയങ്ങളും നമുക്ക് കാണാനാവും.
കോഴിക്കോടന്‍ ടൂറിസ്റ്റ് സ്പോട്ടുകളില്‍ നമുക്കൊരു വണ്‍ഡേ ട്രിപ്പ് പോയാലോ

കോഴിക്കോട് നഗരം

നഗരത്തോടുചേര്‍ന്ന് കുട്ടികള്‍ക്കായി അദ്ഭുതലോകമൊരുക്കി കാത്തിരിക്കുന്ന പ്ലാനറ്റോറിയത്തിലേക്കാകാം ആദ്യയാത്ര.കുട്ടികള്‍ക്കായി വിവിധ ശാസ്ത്രകൗതുകങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.

കുട്ടികള്‍ക്കായി അനേകം ശാസ്ത്ര കൌതുകങ്ങളൊരുക്കി വെച്ച പ്ലാനറ്റോറിയം കോഴിക്കോട് നഗരത്തില്‍ കുട്ടികളുമായി എത്തുന്ന കുടുംബങ്ങള്‍ക്ക് സന്ദര്‍ശിക്കാവുന്ന ഒരിടമാണ്. ആരെയും പ്രായഭേദമെന്യേ സ്വീകരിക്കുന്ന കോഴിക്കോടന്‍ ബീച്ചും ചരിത്രമുറങ്ങുന്ന കുറ്റിച്ചിറയും തളിയും  എരഞ്ഞിപ്പാലത്തുള്ള സരോവരം ബയോപാര്‍ക്കും ഈസ്റ്റ് ഹില്ലിലെ കൃഷ്ണമേനോന്‍ മ്യൂസിയവും കുട്ടികള്‍ക്കായി ഒരുക്കിയ ശലഭോദ്യാനവും അങ്ങനെ എത്രയെത്ര സ്ഥലങ്ങളാണ് കോഴിക്കോട്. സായന്തനങ്ങളില്‍ പ്രിയപ്പെട്ടവരൊന്നിച്ച് സൊറ പറഞ്ഞിരിക്കാന്‍ മാനാഞ്ചിറ മൈതാനവുമെല്ലാം കോഴിക്കോടിന്റെ പകരം വെക്കാനില്ലാത്ത കാഴ്ചാനുഭവങ്ങളാണ്.

 

കടലുണ്ടി

കണ്ടല്‍ വനങ്ങളുടെ ഒരു കലവറയാണ് കടലുണ്ടി പുഴയുടെ ഓരങ്ങള്‍. ആ കണ്ടല്‍ വനങ്ങളിലേക്ക് വിരുന്നെത്തുന്ന ദേശാടന പക്ഷികളുടെ സൗന്ദര്യമാസ്വദിച്ച് പുഴയിലൂടെ തോണിയില്‍ പോവുന്നത് ഒരു അനുഭൂതി തന്നെയാണ്. കടലുണ്ടി പക്ഷി സങ്കേതത്തിലൂടെ ചുരുങ്ങിയ ചെലവില്‍ കുടുംബവുമൊത്ത് ഉല്ലാസയാത്ര നടത്താനുള്ള സൌകര്യവുമുണ്ട്. കോഴിക്കോട് നഗരത്തില്‍നിന്ന് വെറും 20 കിലോമീറ്റര്‍ മാത്രമേ ഇവിടേക്കുള്ളൂ.

ബേപ്പൂര്‍

ബേപ്പൂര്‍ തുറമുഖവും പുലിമുട്ടും കപ്പലുകളും ഉരുവും ലൈറ്റ്ഹൗസുമെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാഴ്ചകളാണ്. ബേപ്പൂര്‍ ഉരു നിര്‍മ്മാണ കേന്ദ്രവും താല്‍‌പര്യമെങ്കില്‍ നമുക്ക് സന്ദര്‍ശിക്കാം. ഇവിടെ നിന്ന് സൂര്യോദയവും അസ്തമയവും കാണുന്നത് മറക്കാനാവാത്ത ഒരു കാഴ്ചയായിരിക്കും. കോഴിക്കോട് നഗരത്തില്‍ നിന്ന് വെറും 10 കിലോമീറ്റര്‍ മാത്രം മതി ഇവിടെയെത്താന്‍.

പെരുവണ്ണാമൂഴി ഡാം

കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ കടിയങ്ങാട് നിന്ന് എട്ടുകിലോമീറ്ററോളം സഞ്ചരിച്ചാലെത്തുന്ന പെരുവണ്ണാമുഴിയിലെ പ്രധാന കാഴ്ച പെരുവണ്ണാമുഴി ഡാമാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെസസ് റിസര്‍ച്ചിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നതും പെരുവണ്ണാമുഴിയിലാണ്. നഗരത്തില്‍ നിന്ന് 43 കിലോമീറ്റര്‍ ദൂരത്തായാണ് പെരുവണ്ണാമുഴി ഡാം സ്തിതി ചെയ്യുന്നത്.

കക്കയം

വെള്ളച്ചാട്ടങ്ങളും പ്രക-തി ഭംഗി നിറഞ്ഞ പച്ചപ്പാര്‍ന്ന കാഴ്ചകളുമാണ് കക്കയത്തിന്റെ സവിശേഷത. മലബാർ വന്യ ജീവിസങ്കേതത്തിൽ ഉൾപ്പെട്ട സ്ഥലമാണിത്. ഇവിടം അപൂർവ ജൈവവൈവിധ്യങ്ങളാൽ നിറഞ്ഞ പ്രദേശമാണ്. ഉരക്കുഴി ഇവിടത്തെ പ്രധാന വെള്ളച്ചാട്ടമാണ്.കുറ്റ്യാടി ഹൈഡ്രോ ഇലക്ട്രിക് പദ്ധതിക്കായി നിർമിച്ച ഡാമും കക്കയത്തുണ്ട്. ഇവിടെ ഹൈഡൽ ടൂറിസം സെൻറർ പ്രസിദ്ധമാണ്.നഗരത്തിൽനിന്ന് 45 കിലോമീറ്റർ അകലെയാണ് കക്കയം സ്ഥിതി ചെയ്യുന്നത്.

കാപ്പാട്

ഏറ്റവും വൃത്തിയുള്ള ബീച്ചുകൾക്ക് ലഭിക്കുന്ന ബ്ലൂഫ്ലാഗ് പദവി സ്വന്തമാക്കിയ കാപ്പാട് എട്ടുകോടി രൂപ മുടക്കി മുഖം മിനുക്കി സുന്ദരിയായാണ് ഇപ്പോള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. കാപ്പാട് ബീച്ചിലേക്ക് പ്രവേശിക്കാൻ മുതിർന്നവർ 25 രൂപയും കുട്ടികൾ 10 രൂപയും മുടക്കി ടിക്കറ്റ് എടുക്കേണ്ടതുണ്ട്. നഗരത്തിൽനിന്ന് 18 കിലോമീറ്റർ ദൂരെയാണ് കാപ്പാട് സ്ഥിതിചെയ്യുന്നത്.

വടകര സാന്‍ഡ് ബാങ്ക്‌സ്

കടത്തനാട്ടെ പ്രധാനപ്പെട്ട ബീച്ച് ടൂറിസം കേന്ദ്രമാണ് സാൻഡ് ബാങ്ക്സില്‍ പ്രവേശനം സൗജന്യമാണ്. കടലിന്റെ മാസ്മരിക സൌന്ദര്യവും പുഴയോരത്തിന്റെ ഭംഗിയും സമ്മേളിക്കുന്ന സാൻഡ് ബാങ്ക്സിലെ കാഴ്ച വര്‍ണനാതീതമാണ്. വടകര ടൗണിൽനിന്ന് മൂന്നു കിലോമീറ്റർ മാറി അഴിത്തലയിലാണ് സാൻഡ് ബാങ്ക് സ്ഥിതി ചെയ്യുന്നത്.

ഇരിങ്ങൽ സർഗാലയ

ഇരിങ്ങൽ സർഗാലയ കരകൗശലഗ്രാമം വിദേശ സഞ്ചാരികളെകൂടി ആകര്‍ഷിക്കുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്. സര്‍ഗ കരകൌശല വസ്തുക്കള്‍ വാങ്ങാനും അവയുടെ  നിർമാണം നേരിട്ട് മനസിലാക്കാനും പറ്റിയ ഒരു അവസരം കൂടിയായിരിക്കും സര്‍ഗാലയ സന്ദര്‍ശനം. ദേശീയപാതയ്ക്ക് സമീപത്തായാണ് സർഗാലയ സ്ഥിതി ചെയ്യുന്നത്. മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 40 രൂപയുമാണ് ഇവിടുത്തെ പ്രവേശനഫീസ്. രാവിലെ ഒമ്പതുമുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കുന്നസര്‍ഗാലയയ്ക്ക് തിങ്കളാഴ്ച മാത്രമാണ് അവധി.

പയംകുറ്റിമല

ഉദയാസ്തമായങ്ങളുടെ അതി മനോഹരമായ ചിത്രമൊരുക്കുന്ന വടകരയിലെ വിനോദസഞ്ചാര കേന്ദ്രമാണ് പയംകുറ്റിമല. വടകര ടൗണും കടലും വെളളിയാങ്കല്ലുമെല്ലാം ഈ മലമുകളില്‍ നിന്ന് കാണാന്‍ സാധിക്കുന്ന കാഴ്ചകളാണ്.

വയലട

കോഴിക്കോടിന്റെ ഗവി എന്നപോരിലറിയപ്പെടുന്ന ഒരു കൊച്ചു സുന്ദരിയാണ് വയലട. വയലട മലമുകളിലെ മുള്ളൻപാറ വ്യൂ പോയിന്റ് സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സ്ഥലമാണ്. ഇവിടെനിന്ന് നോക്കിയാൽ പെരുവണ്ണാമൂഴി ഡാംസൈറ്റും റിസർവോയറും എല്ലാം കാണാം. മഞ്ഞിന്റെ പുതപ്പണിഞ്ഞ് ഹരിതാഭയാര്‍ന്ന് നില്‍ക്കുന്ന വയലടയിലേക്ക് ഇപ്പോള്‍ നിരവധി സഞ്ചാരികള്‍ ഒഴുകിയെത്തുന്നുണ്ട്.  കാണാം. തലയാട് അങ്ങാടിയിൽനിന്ന്‌ നാലുകിലോമീറ്റർ അകലെയുള്ള ചുരത്തോട് മലയിലും ധാരാളം സഞ്ചാരികളെത്താറുണ്ട്.