ടിപി വധം, പൗരത്വഭേദഗതി, സൈബര്‍ ആക്രമണങ്ങള്‍; തിരഞ്ഞെടുപ്പ് ചൂടില്‍ പുകഞ്ഞ് വടകര; ഒടുവില്‍ ആര് വീഴും ആര് വാഴും ?


വടകര: വീറും വാശിയും നിറഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണങ്ങള്‍ നാളെ അവസാനിക്കും. വെള്ളിയാഴ്ച കേരളം പോളിങ് ബൂത്തിലേക്ക്. രണ്ട്‌ മാസക്കാലം നീണ്ട പ്രചാരണങ്ങള്‍ നാളെ അവസാനിക്കുമ്പോള്‍ കൊട്ടിക്കലാശത്തിന് വടകരയില്‍ പലയിടത്തും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വില്യാപ്പള്ളി ടൗണില്‍ കൊട്ടിക്കലാശം നടത്താന്‍ അനുമതിയില്ല. ഒപ്പം മണിയൂര്‍ പഞ്ചായത്തിലെ കുറുന്തോടിയിലും പ്രചാരണപരിപാടികള്‍ക്ക് നിയന്ത്രണമുണ്ട്. അതോടൊപ്പം വടകര മുനിസിപ്പല്‍ പരിധി, ആയഞ്ചേരി, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ മൂന്ന് മുന്നണികള്‍ക്കും പ്രത്യേകം കോര്‍ണര്‍ മീറ്റിങ്ങുകള്‍ നടത്താന്‍ മാത്രമേ അനുമതിയുള്ളൂ. പ്രകടനങ്ങള്‍, ഓപ്പണ്‍ വാഹനങ്ങളിലെ പ്രചാരണം, ഡിജെ വാദ്യങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കുകയും വേണം. പേരാമ്പ്ര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കൊട്ടിക്കലാശം പൂര്‍ണമായി ഒഴിവാക്കാനാണ് തീരുമാനം.

ഇലക്ഷന്‍ പ്രഖ്യാപനത്തിന് മുമ്പ് തന്നെ കേരളം ഉറ്റുനോക്കിയ മണ്ഡലമാണ് വടകര. അവസാന ലാപ്പില്‍ കെ.മുരളീധരനെ മാറ്റി ഷാഫി പറമ്പിലിനെ വടകരയില്‍ ഇറക്കിയപ്പോള്‍ തന്നെ വടകരയില്‍ രാഷ്ട്രീയ അങ്കത്തിന് തിരി തെളിഞ്ഞിരുന്നു. പിന്നാലെ വടകര കണ്ടത് മുന്നണികളുടെ ഇഞ്ചോടിഞ്ച് പ്രചാരണങ്ങളാണ്.

വടകരയില്‍ പൗരത്വഭേതഗതിയും ടിപി ചന്ദ്രശേരന്‍ വധവുമായിരുന്നു തുടക്കത്തിലെ പ്രധാന പ്രചാരണ വിഷയങ്ങള്‍. എന്നാല്‍ ശൈലജ ടീച്ചര്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണത്തോട് കൂടി യുഡിഎഫും എല്‍ഡിഎഫും മറ്റെല്ലാം വിഷയങ്ങളും മറന്ന് സൈബര്‍ അക്രമണങ്ങളെക്കുറിച്ച് മാത്രമായിരുന്നു അവസാന ദിവസങ്ങളില്‍ സംസാരിച്ചത്.

അശ്ശീല വീഡിയോ പരാമര്‍ശത്തില്‍ ടീച്ചര്‍ക്കെതിരെ ഷാഫി പറമ്പില്‍ ഇന്നലെ വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തതോടെ വടകരയില്‍ അവസാന നിമിഷവും പോരാട്ടം കനത്തിരിക്കുകയാണ്‌. അശ്ശീല വീഡിയോ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷാഫി നോട്ടീസ് അയച്ചത്‌. 24 മണിക്കൂറിനകം വാര്‍ത്താസമ്മേളനം വിളിച്ച് ആരോപണങ്ങള്‍ പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്യണമെന്നും അതല്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോവുമെന്നും നോട്ടീസില്‍ പറയുന്നു. എന്നാല്‍ വക്കീല്‍ നോട്ടീസ് അയച്ച് ഷാഫി പറമ്പില്‍ വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും, അശ്ലീല, വര്‍ഗ്ഗീയ പ്രചാരണം നടത്തുന്ന യു.ഡി.എഫിന്‌ വടകരയിലെ വോട്ടര്‍മാര്‍ കനത്ത മറുപടി നല്‍കുമെന്ന് എല്‍.ഡി.എഫ്‌ പറഞ്ഞിരുന്നു.

അശ്ശീല വീഡിയോ പരാമര്‍ശത്തില്‍ ശൈലജ ടീച്ചറുടെ വാര്‍ത്താസമ്മേളനവും ഷാഫിയുടെ വക്കീല്‍ നോട്ടീസുമെല്ലാം ജനങ്ങള്‍ ഏറ്റെടുത്തതോടെ വടകരയില്‍ അവസാന നിമിഷം കണ്ടത് വീറും വാശിയും നിറഞ്ഞ പ്രചാരണമാണ്. ഇതിനിടയില്‍ മുഖ്യമന്ത്രിയും രാഹുല്‍ ഗാന്ധിയും തമ്മില്‍ വാക്‌പോര് ആരംഭിച്ചതോടെ പ്രചാരണത്തിന്‌ വീണ്ടും വാശിയേറി.

എങ്കിലും പ്രചാരണം അവസാനലാപ്പില്‍ എത്തിനില്‍ക്കുമ്പോഴും ഇത്തവണ വടകര ആര്‍ക്കൊപ്പം നില്‍ക്കും എന്ന കാര്യത്തില്‍ 100% ഉറപ്പ് പറയാന്‍ സാധിക്കാത്ത അവസ്ഥയാണ്. എങ്കിലും ഇത്തവണ കൂടി ഇടതിന് വടകര നഷ്ടമായാല്‍ പിന്നീട് തിരിച്ചുപിടിക്കാന്‍ ഏറെ ബുദ്ധിമുട്ടും എന്ന കാര്യത്തില്‍ സംശയമില്ല.