വടകര താലൂക്ക് ഓഫീസ് തീവെപ്പ് നടന്ന് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും സുരക്ഷയില്ലാതെ തുടരുന്നു; നൈറ്റ് വാച്ച് മാന്‍ തസ്തിക സൃഷ്ടിക്കണമെന്ന ആവശ്യവുമായി എന്‍.ജി.ഒ അസോസിയേഷന്‍


വടകര: താലൂക്ക് ഓഫീസ് തീവെപ്പ് സംഭവം നടന്ന് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മതിയായ സുരക്ഷാ സൗകര്യങ്ങളില്ലാതെ താലൂക്ക് ഓഫീസ്. ആവശ്യമായ രീതിയിലുള്ള സുരക്ഷാ സംവിധാനം ഇല്ലാത്തത് കാരണമാണ് പഴയ ഓഫീസ് തീവെച്ച് നശിപ്പിക്കാനിടയാക്കിയത്. തീപ്പിടിത്തത്തിനുശേഷം രണ്ടുവര്‍ഷമായി സമീപത്തെ വാടകക്കെട്ടിടത്തിലാണ് താലൂക്ക് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഇവിടെയും കടുത്ത സുരക്ഷാപ്രശ്‌നമാണ് നേരിടുന്നത്.

ഒട്ടേറെ ഭൂമി സംബദ്ധമായ രേഖകള്‍ സൂക്ഷിക്കുന്ന കെട്ടിടത്തില്‍ മതിയായ സുരക്ഷ ഒരുക്കുന്നതിനായി നൈറ്റ് വാച്ച്മാന്‍ തസ്തിക ഇനിയും സൃഷ്ടിച്ചിട്ടില്ല. ഓഫീസ് പ്രവര്‍ത്തിക്കുന്ന നിലയിലേക്ക് രാത്രിയിലും ആര്‍ക്കും കയറിവരാം. ഇവിടെ സി.സി.ടി.വി. ക്യാമറകളോ ഓഫീസിലേക്ക് കടക്കുന്ന ഭാഗത്ത് ഗേറ്റോ സൗകര്യങ്ങളോ ഇല്ല. കഴിഞ്ഞദിവസം താലൂക്ക് ഓഫീസിലെ ശൗചാലയത്തിന്റെ വാതിലിന്റെ പൂട്ട് തകര്‍ത്ത സംഭവവുമുണ്ടായി. ആരോ മുകളിലേക്ക് കയറിയാണ് ഇത് ചെയതതെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇതോടെ സുരക്ഷ ശക്തമാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. എന്‍.ജി.ഒ. അസോസിയേഷന്റെ നേതൃത്വത്തില്‍ തഹസില്‍ദാര്‍ക്ക് ഇതുസംബന്ധിച്ച് നിവേദനവും നല്‍കി.

തീവെച്ചു നശിപ്പിച്ച പഴയ താലൂക്ക് ഓഫീസിലും നൈറ്റ് വാച്ച്മാനോ, സി.സി.ടി.വി. ക്യാമറകളോ ഒന്നുമില്ലായിരുന്നു. നൈറ്റ് വാച്ച്മാന്‍ ഉണ്ടായിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു താലൂക്ക് ഓഫീസ് തീപ്പിടിത്തം. ഇത് അന്ന് ഏറെ ചര്‍ച്ചയാവുകയും മന്ത്രി ഉള്‍പ്പെടെയുള്ളവരുടെ മുന്നില്‍ ഈ വിഷയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. ഭൂമിസംബന്ധമായ ഒട്ടേറെ രേഖകളും കംപ്യൂട്ടറുകളുമെല്ലാമുള്ള താലൂക്ക് ഓഫീസില്‍ നൈറ്റ് വാച്ച്മാന്‍ തസ്തിക അത്യാവശ്യമാണെന്ന് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍, തീപ്പിടിത്തം കഴിഞ്ഞ് രണ്ടുവര്‍ഷമായിട്ടും ഈ തസ്തിക ഇവിടെ അനുവദിച്ചിട്ടില്ല.

നൈറ്റ് വാച്ച്മാന്‍ ഇല്ലെങ്കിലും താലൂക്ക് ഓഫീസിലെയും വില്ലേജ് ഓഫീസുകളിലെയും രണ്ടുവീതം ജീവനക്കാരെ എല്ലാദിവസവും ഇവിടെ രാത്രിഡ്യൂട്ടിക്ക് നിയോഗിക്കുന്നുണ്ട്. കണ്‍ട്രോള്‍ റൂം ഡ്യൂട്ടിയാണ് ഇവര്‍ക്ക്, വാച്ച്മാന്റേതല്ല. പ്രകൃതിക്ഷോഭങ്ങളും മറ്റ് ദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ തുടര്‍നടപടികള്‍ ഏകോപിപ്പിക്കാനാണ് കണ്‍ട്രോള്‍ റൂം. ഇവരെ നൈറ്റ് വാച്ച്മാനായി കണക്കാക്കാനും പറ്റില്ല. പക്ഷേ, ഓഫീസ് സുരക്ഷ ഇപ്പോള്‍ ഇവരുടെ ചുമലിലാണ്. വൈകീട്ട് അഞ്ചുമണിമുതല്‍ പിറ്റേന്ന് ഓഫീസ് സമയം തുടങ്ങുന്നതുവരെയാണ് ഇവരുടെ ഡ്യൂട്ടി. ഏതാണ്ട് 17 മണിക്കൂര്‍. ഈ രീതി അപരിഷ്‌കൃതമാണെന്നും ആക്ഷേപമുണ്ട്.

വടകര താലൂക്ക് ഓഫീസിന്റെയും ജീവനക്കാരുടെയും സുരക്ഷയെ മുന്‍നിര്‍ത്തി താലൂക്ക് ഓഫീസ് സ്ഥിതിചെയ്യുന്ന മൂന്നാംനിലയില്‍ മതിയായ ഗേറ്റ് സ്ഥാപിക്കണമെന്ന് എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. സി.സി.ടി.വി. സംവിധാനം ഘടിപ്പിക്കണം. സ്ഥിരമായി നൈറ്റ് വാച്ച്മാന്‍ തസ്തിക സൃഷ്ടിക്കണം. കൂടാതെ അപരിഷ്‌കൃത നൈറ്റ് ഡ്യൂട്ടി സമയം പരിഷ്‌കരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ. പ്രദീപന്‍ വടകര തഹസില്‍ദാര്‍ക്ക് നിവേദനം നല്‍കി. കെ. ദിനേശന്‍, ഒ. സൂരജ്, കെ. രാജേഷ്, ടി. ജൂബേഷ്, എം.പി. നന്ദകുമാര്‍, കെ. രാമചന്ദ്രന്‍, സന്തോഷ് കുമാര്‍ എന്നിവരും സംഘത്തിലുണ്ടായി.