പേരാമ്പ്ര എസ്റ്റേറ്റില്‍ കടുവ സഫാരി പാര്‍ക്കിനായി ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സര്‍വ്വേ പൂര്‍ത്തിയായി; റിപ്പോര്‍ട്ട് ഫെബ്രുവരി അഞ്ചിന് കൈമാറും


പേരാമ്പ്ര: പേരാമ്പ്ര എസ്റ്റേറ്റില്‍ കടുവ സഫാരി പാര്‍ക്ക് തുടങ്ങുന്നതിന്റെ ആദ്യഘട്ടമെന്നോണം ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സര്‍വ്വേ പൂര്‍ത്തിയായി. 120 ഹെക്ടര്‍ സ്ഥലമാണ് സര്‍വേ നടത്തിയത്. ഫെബ്രുവരി അഞ്ചിന് കോഴിക്കോട് ഫോറസ്റ്റ് മിനിസര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ദാമോദരന് റിപ്പോര്‍ട്ട് കൈമാറും.

കടുവ സഫാരി പാര്‍ക്ക് പേരാമ്പ്ര എസ്റ്റേറ്റില്‍ തുടങ്ങാന്‍ നവംബര്‍ 18-നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിന്റെ തുടര്‍ച്ചയായി നവംബര്‍ 25-ന് വനംവകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്റെയും കൃഷിമന്ത്രി പി. പ്രസാദിന്റെയും സാന്നിധ്യത്തില്‍ കോഴിക്കോട്ടുനടന്ന ഉന്നതതല യോഗം നടന്നിരുന്നു. യോഗത്തില്‍ 15 ദിവസത്തിനുള്ളില്‍ പാര്‍ക്കിനുള്ള സര്‍വ്വേ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പലവിധ കാരണങ്ങള്‍കൊണ്ട് ഇത് നീണ്ടുപോകുകയായിരുന്നു.

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള പേരാമ്പ്ര എസ്റ്റേറ്റിലെ സി ഡിവിഷനിലെ പത്താം ഏരിയയില്‍പ്പെട്ട ഭൂമിയാണ് ഏറ്റെടുക്കുന്നത്. രണ്ടുഭാഗം മലബാര്‍ വന്യജീവിസങ്കേതവും ഒരുഭാഗം പ്ലാന്റേഷന്റെ സ്ഥലവും വരുന്നവിധമാണ് കടുവസഫാരി പാര്‍ക്കിനായി സ്ഥലം നിര്‍ണയിച്ചത്. സഫാരി പാര്‍ക്കിനുള്ള പാര്‍ക്കിനുള്ള പാര്‍ക്കിങ്, ശൗചലനം എന്നിവ നിര്‍മ്മിക്കാനുള്ള സ്ഥലമടക്കം സര്‍വ്വയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എസ്റ്റേറ്റിന്റെ പ്രവേശന ഭാഗത്താണ് പാര്‍ക്കിങ്ങിനായി സ്ഥലം ഏറ്റെടുക്കുന്നത്. രണ്ടു ഹെക്ടര്‍ സ്ഥലത്ത് പാര്‍ക്കിങ്, ടിക്കറ്റ് കൗണ്ടര്‍, ശൗചാലയം എന്നിവ നിര്‍മ്മിക്കും.

വനംവകുപ്പില്‍നിന്ന് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ പാട്ടത്തിനെടുത്ത ഭൂമിയിലാണ് പേരാമ്പ്ര എസ്റ്റേറ്റ് പ്രവര്‍ത്തിക്കുന്നത്. പാട്ടക്കാലാവധി കഴിഞ്ഞതിനാല്‍ പുതുക്കാനുള്ള നടപടി പുരോഗമിക്കവേയാണ് കടുവസഫാരി പാര്‍ക്കിന് 120 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നത്. അതിനാല്‍ വനംവകുപ്പിന് നടപടികള്‍ എളുപ്പമാണ്.

ഡിസംബര്‍ ആദ്യമാണ് സര്‍വേ നടപടികള്‍ തുടങ്ങിയത്. ഹെഡ് സര്‍വേയര്‍ ഒ.എസ്. പ്രദീപ് കുമാര്‍, സര്‍വേയര്‍മാരായ കെ. മനോജന്‍, അരുണ്‍ ഭരത്, വി. മുസ്തഫ, അബ്ദുള്‍മജീദ്, ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു സര്‍വേ. എം.കെ. പത്മനാഭന്‍, സജു, രജീഷ് എന്നീ ഫോറസ്റ്റ് ഉദ്യോഗസ്ഥരും വാച്ചര്‍മാരും നടപടികളില്‍ പങ്കാളികളായി.