വടകര താലൂക്ക് ഓഫീസ് തീപിടിത്തം; യഥാര്‍ഥ പ്രതിയാരെന്ന് പോലിസ് വ്യക്തമാക്കണമെന്ന് എംഎല്‍എ കെ.കെ.രമ


വടകര: താലൂക്ക് ഓഫീസ് തീപിടിത്ത കേസിലെ പ്രതിയെ കോടതി വെറുതെവിട്ട സാഹചര്യത്തില്‍ ഇതിലെ യഥാര്‍ഥ പ്രതി ആരെന്ന് വ്യക്തമാക്കണമെന്ന് കെ.കെ.രമ എംഎല്‍എ. ആയിരക്കണക്കിന് രേഖകളും കംപ്യൂട്ടറുകളും നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടവും കത്തിപ്പോയ സംഭവം കേരളത്തില്‍ മുഴുവന്‍ വലിയ ചര്‍ച്ചയായിരുന്നു, എന്നാല്‍ ഇപ്പോള്‍ കേസിലെ യഥാര്‍ത്ഥ പ്രതിയെ കോടതി വെറുതെവിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ യഥാര്‍ത്ഥ പ്രതി ആരെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കണമെന്ന് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

ഇത്രയും വലിയ കേസ് ലാഘവത്തോടെയാണ് പോലിസ് അന്വേഷിച്ചതെന്നാണ് കോടതി വിധിയില്‍ നിന്നു വ്യക്തമാകുന്നത്. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിലും കേസിലെ കണ്ണികള്‍ കൂട്ടിച്ചേര്‍ക്കുന്നതിലും ഉദ്യോഗസ്ഥര്‍ അമ്പേ പരാജയപ്പെട്ടു. താലൂക്കിലെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന തരത്തിലുള്ള ഒരു സംഭവത്തില്‍ പൊലിസ് പ്രതിയെന്ന് കണ്ടെത്തിയ ആളെ വെറുതെ വിട്ടിരിക്കുകയാണ്.

വെറുമൊരു സി.സി.ടി.വി ദൃശ്യത്തെ മാത്രം അടിസ്ഥാനപ്പെടുത്തി നടത്തിയ വാദമുഖങ്ങള്‍ പരാജയപ്പെടുമെന്ന അറിവുപോലും ഇല്ലാത്തവരാണോ ഉദ്യോഗസ്ഥര്‍?. സംഭവത്തില്‍ പുനരന്വേഷണം നടത്തി യഥാര്‍ഥ പ്രതികളെയും ഗൂഢാലോചനക്കാരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.