വ്യക്തിഹത്യക്കെതിരെ ജനകീയ പ്രതിരോധം തീർത്ത് കെ.കെ.ശൈലജ ടീച്ചർ; കുറ്റ്യാടി മണ്ഡലത്തിലെ സ്വീകരണ കേന്ദ്രങ്ങളിൽ ആവേശംതീർത്ത് വലിയജനക്കൂട്ടം


വടകര: എൽ.ഡി.എഫ് വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി കെ.കെ.ശൈലജ ടീച്ചർക്ക് കുറ്റ്യാടി മണ്ഡലത്തിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ലഭിച്ചത് ആവേശകരമായ സ്വീകരണം. ഇന്ന് ഉച്ചക്ക് 3 മണിക്ക് തിരുവള്ളൂരിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെ വലിയ ജനക്കൂട്ടമാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും എത്തിയത്. വ്യക്തിഹത്യയും വ്യാജ പ്രചാരണങ്ങളും ജനങ്ങൾ തള്ളി കളയുമെന്നും ഇടതു പക്ഷം വലിയ വിജയം നേടുമെന്നും കെ.കെ.ശൈലജ ടീച്ചർ പറഞ്ഞു.

ലോകനാർകാവ്, വില്ല്യാപ്പള്ളി, തണ്ണീർ പന്തൽ, വട്ടോളി ദേശീയ ഗ്രന്ഥാലയം, മൊകേരി, നിട്ടൂർ, ഊരത്ത്, പെരുവയൽ, തീക്കുനി എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം അവസാന സ്വീകരണ കേന്ദ്രമായ കല്ലും പുറത്ത് എത്തിയപ്പോൾ രാത്രി വൈകിയും വലിയ ജനക്കൂട്ടമാണ് ശൈലജ ടീച്ചറെ കാണാൻ തടിച്ചുകൂടിയത്.

സി.പി.ഐ.എം ജില്ല സെക്രട്ടറിയേറ്റ് അംഗം കെ.കെ.ദിനേശൻ, കുറ്റ്യാടി നിയോജകമണ്ഡലം സെക്രട്ടറി ടി.പി.ഗോപാലൻ മാസ്റ്റർ, കുറ്റ്യാടി എം.എൽ.എ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എന്നിവരും മറ്റു എൽ.ഡി.എഫ് നേതാക്കളും പര്യടനത്തിന്റെ ഭാഗമായി സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു.