‘പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയല്ലേ’;  ബോധവത്ക്കരിക്കാന്‍ ജനകീയ ശുചീകരണ യജ്ഞവുമായി കടമേരി വെസ്റ്റ്


വടകര: പൊതു ഇടങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെ ജനങ്ങളെ ബോധവത്ക്കരിക്കാന്‍ ജനകീയ ശുചീകരണം നടത്താനൊരുങ്ങി ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ കടമേരി വാര്‍ഡ്.  ‘മാലിന്യമുക്ത കേരളം’ കാമ്പെയിനിന്റെ ഭാഗമായാണ് വാര്‍ഡ് തല ശുചിത്വ സമിതിയുടെ തീരുമാനം.

മെയ് 15 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ 11 മണി വരെ വാർഡിലെ പത്ത് ക്ലസ്റ്ററുകളിലായാണ് ശുചീകരണ പരിപാടി നടക്കുക. തിരഞ്ഞെടുത്ത ക്ലസ്റ്ററുകളിലെ പൊതു ഇടങ്ങളിൽ വലിച്ചെറിഞ്ഞ മുഴുവൻ മാലിന്യങ്ങളും ശേഖരിക്കാനും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഹരിത കർമ്മസേനയ്ക്ക് കൈമാറാനും, ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായ് സംസ്കരിക്കാനും ശുചിത്വസമിതി യോഗത്തില്‍ തീരുമാനമായി.

രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യുവജന സംഘടനകൾ, കുടുബശ്രീ പ്രവർത്തകർ , തൊഴിലുറപ്പ് തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ സംഘടനകൾ, കലാസമിതികൾ എന്നിവരെ അണിനിരത്തിയാണ്  ജനകീയ ശുചീകരണ യജ്ഞം നടത്താന്‍ ഉദ്ദേശിക്കുന്നത്.

പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷനായ യോഗത്തില്‍ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സന്ദീപ് കുമാർ.എം.എം, ഫാത്തിമത്ത് നൂറ, അംഗൻവാടി വർക്കർ സനില എൻ.കെ, ആശാ വർക്കർ ചന്ദ്രി പി ,ഹരിത കർമ്മസേനാഗം നിഷ.പി, നിഷ.എ എന്നിവർ സംസാരിച്ചു.