ഓട്ടോറിക്ഷാ ഡ്രൈവറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധം; വാണിമേലില്‍ ഇന്ന് ഓട്ടോറിക്ഷ പണിമുടക്ക്‌


നാദാപുരം: ഭൂമിവാതുക്കല്‍ ടൗണ്‍ സ്റ്റാന്റിലെ ഓട്ടോറിക്ഷാ ഡ്രൈവറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഭൂമിവാതുക്കല്‍ ടൗണില്‍ ഇന്ന് ഓട്ടോറിക്ഷകള്‍ പണിമുടക്കി. വൈകുന്നേരം ആറ് മണിവരെ പണിമുടക്ക് തുടരും. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍ തിരുവനേമ്മല്‍ ലിനീഷിന് മര്‍ദ്ദനമേറ്റത്.

ഓട്ടം വിളിച്ച് കൊണ്ട് പോയി രണ്ടു പേര്‍ ചേര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചതായാണ്‌ വിവരം. മാസ്‌ക് ധരിച്ച രണ്ടു പേര്‍ ചേര്‍ന്നാണ് ഓട്ടോ വിളിച്ചത്. തുടര്‍ന്ന് കോടിയുറ ചേരനാണ്ടി ഭാഗത്ത് പുഴയോരത്ത് എത്തിയപ്പോള്‍ ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെടുകയും ഇരുവരും ചേര്‍ന്ന് ലിനീഷിനെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ ലിനീഷ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

പ്രതിഷേധത്തിന്റെ ഭാഗമായി ഭൂമിവാതുക്കല്‍ ടൗണില്‍ സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗത്തില്‍ ആലിക്കുട്ടി ഹാജി, തുണ്ടിയില്‍ അലി, കെ.പി സജീവന്‍, അഷ്‌റഫ് കുയിലത്ത, കെ.പി രമേശന്‍ എന്നിവര്‍ സംസാരിച്ചു.

ലിനീഷിനെ മര്‍ദ്ദിച്ച ക്രിമിനലുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും, അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും ഓട്ടോ തൊഴിലാളി യൂണിയന്‍ പറഞ്ഞു.