കടുത്ത വേനലിലും നിറഞ്ഞ് കവിഞ്ഞ് തെളിനീര്‌, മഴ പെയ്താലോ വറ്റിവരളും; ആയഞ്ചേരിയിലെ കൗതുകക്കിണറും കല്യാണിയും സൂപ്പർഹിറ്റ്


ആയഞ്ചേരി: കടുത്ത വേനലില്‍ ഉഷ്ണതരംഗം കൂടി വന്നതോടെ കോഴിക്കോടും ചുട്ട് പൊള്ളുകയാണ്. ചൂടിനൊപ്പം പലയിടത്തും അതിരൂക്ഷമായ ജലക്ഷാമവും നേരിടുന്നുണ്ട്. എന്നാല്‍ വടകര ആയഞ്ചേരിയിലെ ഒരു കിണര്‍ നാടിനാകെ അത്ഭുതമായി മാറിയിയിരിക്കുയാണ്.

കടുത്ത വേനലില്‍ നിറഞ്ഞ് കവിയുകയും മഴക്കാലത്ത് വറ്റിവരളുകയും ചെയ്യുന്ന തറോപ്പൊയില്‍ തച്ചംകുന്നുമല്‍ കല്യാണിയുടെ അത്ഭുത കിണറാണ് നാട്ടിലെ സംസാര വിഷയം. കടുത്ത വേനലില്‍ സമീപവീട്ടിലുള്ള കിണറിലെല്ലാം ഏതാണ്ട് വെള്ളം വറ്റാനായി. എന്നാല്‍ കല്യാണിയുടെ കിണറില്‍ ഇഷ്ടം പോലെ വെള്ളമുണ്ട്. അതുകൊണ്ടുതന്നെ വേനല്‍ക്കാലത്ത് സമീപത്തുള്ള വീട്ടുകാര്‍ക്ക് ജലക്ഷാമം നേരിടേണ്ടി വരാറില്ല. പ്രദേശത്ത് ജലനിധി ഉണ്ടെങ്കിലും മിക്കവരും കല്യാണിയുടെ വീട്ടിലെത്തിയാണ് വെള്ളം എടുക്കുന്നത്.

എന്നാല്‍ മഴക്കാലമായാല്‍ കല്യാണിയ്ക്ക്‌ ജലക്ഷാമമാണ്. ചുറ്റോട് ചുറ്റും വെള്ളമുണ്ടെങ്കിലും ഇവിടുത്തെ കിണറ്റില്‍ ഒരു തുള്ളി വെള്ളമുണ്ടാകില്ല. പലപ്പോഴും മറ്റുള്ള വീടുകളില്‍ നിന്നാണ് വെള്ളം കൊണ്ടുവരിക. എന്നാല്‍ മഴക്കാലം ഏതാണ്ട് തീരാനാവുമ്പോഴേക്കും കിണറില്‍ വീണ്ടും വെള്ളം നിറയും. കഴിഞ്ഞ പ്രളയകാലത്ത് ചുറ്റിലും വെള്ളം നിറഞ്ഞപ്പോഴും ഇവിടുത്തെ കിണറ്റില്‍ ഒരു തുള്ളി വെള്ളമുണ്ടായിരുന്നില്ല.

നൂറുവര്‍ഷത്തിലേറെയാണ് കിണറിന്റെ പഴക്കം. 30 കോല്‍ ആഴമുള്ള കിണര്‍ 15 കോല്‍ താഴ്ചയില്‍ കുഴിച്ചപ്പോള്‍ തന്നെ വെള്ളം തെളിഞ്ഞിരുന്നു. മലയില്‍ ബാലന്‍ എന്നയാളായിരുന്നു സ്ഥരിമായി കിണര്‍ വൃത്തിയാക്കിയിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തോടെ പിന്നീട് ഒരാള്‍ പോലും കിണറ്റില്‍ ഇറങ്ങാന്‍ തയ്യാറായിട്ടില്ലെന്ന് കല്യാണി പറയുന്നു.