‘ജീവിച്ചിരിക്കുന്ന ടിപിയേക്കാള്‍ കരുത്തനാണ് മരിച്ച ടിപി’: വീണ്ടുമൊരു മെയ് നാല്, ടിപി വധത്തിന് 12 വയസ്


വടകര: ‘ജീവിച്ചിരിക്കുന്ന ടിപിയേക്കാള്‍ കരുത്തനാണ് മരിച്ച ടിപി’……. വടകരയിലെ രാഷ്ട്രീയത്തെ ഒന്നടങ്കം കീഴ്‌മേല്‍ മറിച്ച ടിപി ചന്ദ്രശേഖരന്റെ മരണത്തിന് പിന്നാലെ ഇക്കഴിഞ്ഞ 12 വര്‍ഷക്കാലം ഏറ്റവും കൂടുതല്‍ മുഴങ്ങിക്കേട്ട വാക്കുകളിലൊന്നാണിത്. വടകരയുടെ രാഷ്ട്രീയത്തില്‍ മാത്രമല്ല കേരള രാഷ്ട്രീയത്തിലെ ഓരോ ദിവസവും ആളുകള്‍ ചര്‍ച്ച ചെയ്ത കൊലപാതകമായിരുന്നു ഒഞ്ചിയത്തെ ടിപിയുടെ മരണം.

പതിമൂന്നാം രക്തസാക്ഷിത്വദിനത്തിലും ടിപി ചന്ദ്രശേഖരന്‍ എന്ന നേതാവിന്റെ ഓര്‍മകളിലാണ് ഒഞ്ചിയം. 2012 മെയ് നാലിനായിരുന്നു കേരളത്തെ ഒന്നടങ്കം നടുക്കിയ ആ കൊലപാകം. രാത്രി 10.15ഓടെ വടകര വള്ളിക്കാട് ജംങ്ഷനില്‍ വച്ച് ടിപിയുടെ ബൈക്കില്‍ ഇന്നോവ കാറിടിച്ചു. തുടര്‍ന്ന് ബോംബെറിഞ്ഞ് ഭീകാരന്തരീക്ഷം സൃഷ്ടിച്ചു. പിന്നാലെ ടിപി എന്ന മനുഷ്യനെ 51 വെട്ട് വെട്ടി കൊന്നുകളഞ്ഞു.

പിന്നാലെ മെയ് അഞ്ചിന് ക്രൈംബാഞ്ച് എഡിജിപി വില്‍സണ്‍ എം പോളിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമുണ്ടാക്കി. തുടര്‍ന്ന് ഇന്നോവ കാര്‍ കണ്ടെത്തി. മെയ് 14ന് ക്രൈംബാഞ്ച് ഡിവൈഎസ്പി കെ.വി സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തു. മെയ് 15ന് കൊലപ്പെടുത്തിയ വാള്‍ കിണറ്റില്‍ കൊണ്ടിട്ട ബാബു പ്രദീപ് എന്ന പ്രതി അറസ്റ്റിലായി. മെയ് 16ന് സിപിഎം നേതാവായ കെ.സി രാമചന്ദ്രന്‍ അറസ്റ്റിലായി.

മെയ് 17ന് കൂത്തുപ്പറമ്പ് സിപിഎം ഏരിയാ ഓഫീസിലെ സെക്രട്ടറി ബാബു കസ്റ്റഡിയിലായി. പിന്നാലെ കണ്ണൂര്‍ കുന്നോത്ത്‌ പറമ്പ് സിപിഎം ബ്രാഞ്ച് സെക്രട്ടറി വടക്കയില്‍ മനോജടക്കം രണ്ടു പേര്‍ പോലീസ് പിടിയിലായി. മെയ് 19ന് സിപിഎം കുന്നോത്ത് പറമ്പ് ലോക്കല്‍ കമ്മിറ്റിയംഗം ജ്യോതി ബാബു അറസ്റ്റിലായി. മെയ് 21ന് പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം പി.കെ കുഞ്ഞന്തനന്തന് വേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

മെയ് 23ന് അണ്ണനെന്ന പേരില്‍ അറിയപ്പെട്ടിരുന്ന സിജിത് അറസ്റ്റിലായി. പിന്നാലെ മെയ് 24ന് ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച് അശോകന്‍, ഏരിയാ കമ്മിറ്റിയംഗം കെ.കെ കൃഷ്ണന്‍ എന്നിവര്‍ അറസ്റ്റിലായി. മെയ് 30ന് കേസില്‍ റഫീഖ് എന്നയാള്‍ വടകര എസ്പി ഓഫീസില്‍ ഹാജരായി. ആഗസ്ത് 13ന് 76 പേരെ കേസില്‍ പ്രതിയാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

ഒക്ടോബര്‍ 9ന് കേസ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയിലേക്ക് മാറ്റി. ഒക്ടോബര്‍ 10ന് ജൂലായ് 31നകം വിധി പറയണമെന്ന് ഹെക്കോടതി നിര്‍ദ്ദേശിച്ചു. നവംബര്‍ 15ന് മാറാട് പ്രത്യേക അഡീഷണല്‍ സെക്ഷന്‍സ് കോടതിയില്‍ വിചാരണയ്ക്ക് തുടക്കമായി

2013ല്‍ കേസിന്റെ സാക്ഷി വിസ്താരം തുടങ്ങി. പിന്നാലെ ആയുധങ്ങളും കാറും സാക്ഷികള്‍ തിരിച്ചറിഞ്ഞു. ഫെബ്രുവരി 25ന് ടിപി ചന്ദ്രശേഖരന്‍ സിപിഎം വിട്ടതാണ് കൊലയ്ക്ക് കാരണമെന്ന് കെ.കെ രമ കോടതിയില്‍ മൊഴി നല്‍കി.

ഏപ്രില്‍ 18ന് പി.കെ കുഞ്ഞനന്തനടക്കം രണ്ടു പ്രതികളെ സുരക്ഷാകാരണങ്ങളാല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. സെപ്റ്റംബര്‍ 11ന് സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറിയേറ്റ് അംഗം കാരായി രാജനടക്കം 20 പ്രതികളെ വെറുതേ വിട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ജനുവരി 22ന് 12 പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി 24പേരെ വെറുതെ വിട്ടു. ജനവുരി 28ന് 12ല്‍ 11 പ്രതികള്‍ക്ക് ജീവപര്യന്ത്യവും 31-)ാം പ്രതിക്ക് മൂന്ന് കൊല്ലം തടവും കോടതി വിധിച്ചു.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തുടക്കം മുതല്‍ വടകരയില്‍ ചര്‍ച്ചയായതും ടിപി വധം മാത്രമായിരുന്നു. തെരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ പട്ടിക പുറത്തിറക്കിയ അന്ന് തന്നെയായിരുന്നു കേസില്‍ വിചാരണ കോടതി വിട്ടയച്ച രണ്ട് പേരെ കൂടി ഉള്‍പ്പെടുത്തി ഹൈക്കോടതി ഇരട്ട ജീവപര്യന്തം വിധിച്ചത്. ഇതോടെ ടിപി വധം വീണ്ടും കേരളത്തില്‍ ചര്‍ച്ചയായി. കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ അത്രത്തോളം സ്വാധീനമുണ്ടാക്കിയ ഒന്ന് തന്നെയാണ് ടിപി ചന്ദ്രശേഖരന്‍ വധം.