‘ചാകര വരും എന്ന പ്രതീക്ഷയിൽ കടം വാങ്ങിയാണ് പല മത്സ്യത്തൊഴിലാളികളും ജീവിക്കുന്നത്, ലക്ഷങ്ങള്‍ മുടക്കി കടലില്‍ പോയിട്ടും മത്സ്യങ്ങള്‍ കിട്ടുന്നില്ല’; വേനല്‍ച്ചൂടിലെ ദുരിതങ്ങളെക്കുറിച്ച് കുരിയാടിയിലെ മത്സ്യത്തൊഴിലാളി പറയുന്നു


വടകര: കള്ളക്കടല്‍ പ്രതിഭാസവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാനാണ് പ്രധാന നിര്‍ദ്ദേശം. വേനല്‍ച്ചൂടിനൊപ്പം കള്ളക്കടല്‍ പ്രതിഭാസം കൂടി വന്നതോടെ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വടകര ഡോട് ന്യൂസിനോട് സംസാരിക്കുകയാണ് കുരിയാടിയിലെ മത്സ്യത്തൊഴിലാളിയായ പ്രഹ്‌ളാദന്‍.

കള്ളക്കടല്‍ പ്രതിഭാസവുമായി ബന്ധപ്പെട്ട് കൂടുതല്‍ അപകടരമായിട്ടുള്ള അപകടങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ തീരക്കടലില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പത്ത് ശതമാനം പോലും മത്സ്യങ്ങള്‍ ഇപ്പോള്‍ ഇല്ല. കരയിലെ ചൂട് കടലിലും അനുഭവപ്പെടുന്നതിനാല്‍ മത്സ്യങ്ങള്‍ നിലവില്‍ ആഴക്കടലിലേക്ക് പോവുകയാണ്. ഒപ്പം തണുപ്പ് എവിടെയാണോ ലഭിക്കുന്നത് അത്തരത്തിലുള്ള മേഖലകളിലേക്ക് മത്സ്യങ്ങള്‍ കൂട്ടത്തോടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.

ജനുവരിയില്‍ ചൂട് കൂടിയപ്പോള്‍ തന്നെ ഇത്തരത്തില്‍ മത്സ്യങ്ങള്‍ നമ്മുടെ കടലോരം വിട്ടുപോയിട്ടുണ്ട്. മാത്രമല്ല കുഞ്ഞു മത്സ്യങ്ങളെയും മറ്റും കടലിളക്കി പിടിക്കുന്നതിനാലും മത്സ്യങ്ങള്‍ കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് കാലമായി ചെറിയ ബോട്ടുകള്‍ മുതല്‍ വലിയ മത്സ്യബന്ധനങ്ങള്‍ വരെയുള്ളതില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികള്‍ കഷ്ടപ്പാടിലാണ്. കാരണം കടലില്‍ പോകുന്നുണ്ടെങ്കിലും ഇവര്‍ക്ക് കാര്യമായി മത്സ്യം ലഭിക്കാത്ത സ്ഥിതിയാണുള്ളത്. ബാങ്കില്‍ നിന്നും ലക്ഷങ്ങള്‍ കടം വാങ്ങിയാണ് പലരും ബോട്ടുകള്‍ കടലിലിറക്കുന്നത്. ഇത്തരത്തില്‍ മാസങ്ങളോളം മത്സ്യങ്ങള്‍ കിട്ടാതായതോടെ പലരുടെയും തിരിച്ചടവുകള്‍ മുടങ്ങിയിരിക്കുകകയാണ്. എവിടെ നിന്നാണോ കുറച്ച് രൂപ കടം കിട്ടുക അതൊക്കെ വാങ്ങിയാണ് നിലവില്‍ മത്സ്യത്തൊഴിലാളികള്‍ ജീവിക്കുന്നത്. എന്നാല്‍ നാളെയോ മറ്റന്നാളോ കടലില്‍ ചാകര വരുമെന്നും, തങ്ങളുടെ കടങ്ങള്‍ അതിലൂടെ തീര്‍ക്കാന്‍ സാധിക്കും എന്ന വിശ്വാസത്തിലാണ് മത്സ്യത്തൊഴിലാളികള്‍ ഇപ്പോള്‍ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കള്ളക്കടല്‍ പ്രതിഭാസവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ മുന്നറിയിപ്പ് കോഴിക്കോട് ജില്ലയിലെ കടലോര മേഖലകളില്‍ വലിയ രീതിയിലുള്ള പ്രയാസങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ മുന്നറിയിപ്പ് വന്നപ്പോള്‍ കുരിയാടി ഭാഗത്ത് വേലിയേറ്റത്തിന്റെ പോയിന്റില്‍ നിന്നും പത്ത് മീറ്റര്‍ കടല്‍ കരയിലേക്ക് കയറുകമാത്രമാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ജോലിക്ക് പോകുന്ന മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് അവരുടെ ജോലിക്ക് നിലവില്‍ ബുദ്ധിമുട്ടുകളില്ല. കടലോരത്തെ മത്സ്യത്തൊഴിലാളികളെയോ, മത്സ്യബന്ധന സ്ഥാപനങ്ങളെയോ, കടലോരത്തെ വീടുകളെയോ കള്ളക്കടല്‍ പ്രതിഭാസം ഇതുവരെ ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ ഗൗരവമായി കാണുന്നുണ്ടെന്നും കടലില്‍ എന്തെങ്കിലും അപകടകരമായിട്ടുള്ള സൂചനകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരത്തെ തന്നെ കിട്ടിയാല്‍ സുരക്ഷിതമായ തീരത്തേക്ക് മാറി നില്‍ക്കും. ഒപ്പം അവരുടെ വള്ളം, വല തുടങ്ങിയവെയല്ലാം സുരക്ഷിതമായി മാറ്റിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.