വിജയക്കുതിപ്പില്‍ മാതൃക തീര്‍ത്ത് മേമുണ്ട ഹയർസെക്കണ്ടറി സ്‌ക്കൂള്‍; മീൻസ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായത് 12 വിദ്യാര്‍ത്ഥികള്‍


വടകര: വിജയക്കുതിപ്പില്‍ വീണ്ടും മാതൃക തീര്‍ത്ത് നാടിനാകെ അഭിമാനമായി മാറിയിരിക്കുകയാണ്‌ മേമുണ്ട ഹയർസെക്കണ്ടറി സ്‌ക്കൂള്‍. ഇത്തവണ സ്‌ക്കൂളിലെ 12 വിദ്യാര്‍ത്ഥികളാണ് നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പിന് (NMMS) അര്‍ഹരായത്. കോഴിക്കോട് ജില്ലയിലെ തന്നെ മികച്ച വിജയമാണ് മേമുണ്ട സ്‌ക്കൂള്‍ നേടിയിരിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷമായി എന്‍എംഎംഎസ് റിസള്‍ട്ടില്‍ സ്‌ക്കൂള്‍ മുന്നിലാണ്‌.

മേമുണ്ട സ്കൂൾ ഹാളിൽ നടന്ന അനുമോദന ചടങ്ങ് സ്കൂൾ പ്രിൻസിപ്പാൾ ബീന ടീച്ചർ ഉദ്ഘാടനം ചെയ്തു. പരീക്ഷ എഴുതിയതിൽ 230 വിദ്യാർത്ഥികൾ ഈ വർഷം യോഗ്യതയും നേടിയിട്ടുണ്ട്. ഇതിൽ 12 പേർ സ്കോളർഷിപ്പും നേടി. 48000 രൂപയാണ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾക്ക് ലഭിക്കുക. നാല് വർഷം കൊണ്ടാണ് ഈ തുക വിദ്യാർത്ഥികൾക്ക് ലഭിക്കുക. കേന്ദ്ര, സംസ്ഥാന വകുപ്പുകൾ സംയുക്തമായാണ് സ്കോളർഷിപ്പ് നൽകുന്നത്.

രക്ഷിതാക്കളുടെ വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ താഴെയുള്ള വിദ്യാർത്ഥികൾക്കാണ് ഈ സ്കോളർഷിപ്പ് പരീക്ഷ എഴുതാൻ കഴിയുക. ആഗസ്റ്റ് മാസം മുതൽ മേമുണ്ട സ്കൂളിൽ ആരംഭിക്കുന്ന വിദഗ്ദ്ധ പരിശീലനമാണ് വിദ്യാർത്ഥികളെ ഈ നേട്ടത്തിന് പ്രാപ്തരാക്കിയത്.

പിടിഎ പ്രസിഡണ്ട് ഡോ എം.വി തോമസ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.കെ ജിതേഷ് മാഷ് സ്വാഗതം പറഞ്ഞു. മാനേജർ എം നാരായണൻ മാഷ്, മദർ പിടിഎ പ്രസിഡണ്ട് ജയശ്രീ ദിലീപ്, സ്റ്റാഫ് സിക്രട്ടറി രജുലാൽ ടി.പി, പിടിഎ അംഗം ഇഎം മനോജ് കുമാർ, അധ്യാപകരായ സൗമ്യ പി.എം, നിസി വി.കെ, ഷീന കെ.വി, ഷൈജു ടി.കെ, ആബിദ് എ.എസ്, രാഗേഷ് പുറ്റാറത്ത് എന്നിവർ ഉപഹാര സമർപ്പണവും ആശംസകളും അർപ്പിച്ചു. പി.കെ രമ്യ നന്ദി പറഞ്ഞു.