‘സ്ഥാനാര്‍ത്ഥിയാവാനുള്ള ഉന്തും തള്ളുമില്ല, വടകരയില്‍ അല്‍പ്പം മനക്കട്ടിയുള്ളവര്‍ക്കേ മത്സരിക്കാന്‍ കഴിയൂ’; കെ.മുരളീധരന്‍


കോഴിക്കോട്: വടകരയില്‍ മത്സരിക്കാന്‍ വേറെ ആരുമില്ലെന്നും, മനക്കട്ടിയുള്ളവര്‍ക്കേ വടകരയില്‍ മത്സരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും കെ.മുരളീധരന്‍. എന്നോട് ഇപ്പോള്‍ മത്സരിക്കാന്‍ പറഞ്ഞു. വടകരയില്‍ മത്സരിക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല. അതുകൊണ്ട് വടകരയ്ക്ക് വലിയ ഉന്തും തള്ളുമില്ല. വടകരയില്‍ പൊരുതണമെങ്കില്‍ കുറച്ച് മനക്കട്ടിയും ധൈര്യവും വേണം. എനിക്ക് അത് രണ്ടുമുണ്ടെന്നും, ശക്തമായ പോരാട്ടം നടത്തിയാല്‍ മാത്രമേ വടകരയില്‍ ജയിക്കാന്‍ സാധിക്കുകയുള്ളൂ മുരളീധരന്‍ പറഞ്ഞു.

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും മുരളീധരന്‍ പറഞ്ഞു. മരണത്തിൽ സർക്കാരിനും സി.പി.എമ്മിനുമാണ് ഉത്തരവാദിത്വം. ചില കോളജുകളിൽ ചില വിദ്യാർത്ഥി സംഘടനകൾക്ക് ഏകാധിപത്യമുള്ള സാഹചര്യമാണുള്ളത്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം. പുതിയ തലമുറയിൽ പലർക്കും രാഷ്ട്രീയത്തിൽ താൽപ്പര്യമില്ലെന്നും മുരളീധരൻ പറഞ്ഞു.

അതേ സമയം യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് തന്നെ കെ.കെ ശൈലജ പ്രചാരണം തുടങ്ങിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വടകരയിലെത്തിയ ശൈലജ ടീച്ചര്‍ക്ക് വടകര റെയില്‍വേ സ്റ്റേഷന്‍ മുതല്‍ വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. വലിയ തോതിലുള്ള ജനസാന്നിധ്യമാണ് ടീച്ചറെ സ്വീകരിക്കാനുണ്ടായിരുന്നത്. തുടര്‍ന്നിങ്ങോട്ട് ഓരോ തെരഞ്ഞെടുപ്പ് പ്രചരണ കേന്ദ്രങ്ങളിലും ഇതുപോലുള്ള ജനപങ്കാളിത്തം കാണാമായിരുന്നു. വടകര മണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകളും പോസ്റ്ററുകളും ഉയര്‍ന്നുകഴിഞ്ഞു.

നിലവില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ എല്‍.ഡി.എഫ് ബഹുദൂരം മുന്നിലാണ്. ആരോഗ്യമന്ത്രി പദവി വഹിച്ചതിലൂടെ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയെടുത്ത വിശ്വാസവും സ്‌നേഹവും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ് ക്യാമ്പ്.