വെള്ളത്തില്‍ വീണ ഫോണ്‍ നേരെ അരിച്ചാക്കിലിടാറാണോ പതിവ്; ഈ ചെപ്പടിവിദ്യ ആപത്തെന്ന് ആപ്പിള്‍, ഐ ഫോണ്‍ ഉപയോക്താക്കള്‍ക്കായി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍


ഫോണ്‍ വെള്ളത്തില്‍ വീണാല്‍ അരിയിലിട്ട് വെക്കുന്നൊരു രീതിയുണ്ട്. ഈര്‍പ്പം പെട്ടെന്ന് വലിച്ചെടുക്കാനാണിത്. എന്നാല്‍ ഐഫോണ്‍ ഉപഭോക്താക്കൾ അത് ചെയ്യരുത് എന്നാണ് ആപ്പിള്‍ പുറത്തിറക്കിയിരിക്കുന്ന പുതിയ മാര്‍ഗനിര്‍ദേശം. അത് ഫോണിന് കൂടുതല്‍ പ്രശ്‌നമാണെന്ന് കമ്പനി പറയുന്നു.

വെള്ളത്തില്‍ വീണ് ഫോണ്‍ നനഞ്ഞാല്‍ കൂടുതലൊന്നും ആലോചിക്കാതെ അതിനെ നേരെ അരിക്കകത്തിട്ട് വെക്കുന്ന രീതി പലപ്പോഴും നമ്മില്‍ പലരും പയറ്റിയിട്ടുണ്ടാവും. എന്നാല്‍ ആപ്പിള്‍ ഉപയോക്താക്കള്‍ ഈ പണി ചെയ്യരുതെന്നാണ് ഇപ്പോള്‍ ആപ്പിള്‍ നല്‍കുന്ന താക്കീത്. പുതിയ മാര്‍ഗ നിര്‍ദ്ദേശം അനുസരിച്ച് ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ ഫോണിനെ കൂടുതല്‍ മോശമായി ബാധിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

അരി പ്രയോഗം മാത്രമല്ല, നനഞ്ഞ ഫോണിനെ ഉണക്കിയെടുക്കാന്‍ ഹെയര്‍ ഡ്രയറുകള്‍, കംപ്രസ്ഡ് എയര്‍ ബ്ലോവറുകള്‍ പോലുള്ളവ ഉപയോഗിക്കുന്നതും പ്രശ്നമാണെന്നാണ് വെളിപ്പെടുത്തല്‍. ചാര്‍ജിങ് പോര്‍ട്ടുകളില്‍ പേപ്പര്‍ ടവലുകളും കോട്ടന്‍ സ്വാബുകളും ഇടരുതെന്നും ആപ്പിള്‍ പറയുന്നുണ്ട്. കേബിള്‍ കണക്ടറില്‍ നനവുള്ള സാഹചര്യത്തില്‍ കേബിള്‍ കണക്ട് ചെയ്താല്‍ ഫോണില്‍ മുന്നറിയിപ്പ് കാണിക്കുന്ന സംവിധാനമുണ്ട്. ഇത്തരത്തില്‍ മുന്നറിയിപ്പി കിട്ടിയാല്‍ കേബിള്‍ വേര്‍പെടുത്തി അവ ഉണങ്ങുന്നത് വരെ കാത്തിരിക്കാനാണ് കമ്പനി നിര്‍ദേശിക്കുന്നത്.

ലൈറ്റ്‌നിങ് കേബിളോ യുഎസ്ബി സി കണക്ടറോ നനവുള്ളപ്പോള്‍ ഫോണ്‍ ചാര്‍ജ് ചെയ്താല്‍ അത് അവ സ്ഥിരമായി തകരാറിലാവുന്നതിന് ഇടയാകുമെന്നും കണക്ടിവിറ്റി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ഫോണ്‍ നനഞ്ഞിരിക്കുമ്പോള്‍ ചാര്‍ജ് ചെയ്യരുതെന്നും മാര്‍ഗ നിര്‍ദശത്തില്‍ പറയുന്നുണ്ട്. എന്നാല്‍ അടിയന്തിര സന്ദര്‍ഭങ്ങളില്‍ ലിക്വിഡ് ഡിറ്റക്ഷന്‍ സംവിധാനത്തെ മറികടന്ന് ഫോണ്‍ ഓഫ് ചെയ്ത് ചാര്‍ജ് ചെയ്യാനാനും സാധിക്കും.  വയര്‍ലെസ് ചാര്‍ജിങ് സംവിധാനം ഉപയോഗിച്ചും ചാര്‍ജ് ചെയ്യാം.

അയ്യോ.. ഐ ഫോണ്‍ നനഞ്ഞോ, ഇനി എന്ത് ചെയ്യും

 കൂടുതല്‍ ചിന്തിച്ച് നില്‍ക്കാതെ  ഐഫോണില്‍ നിന്നും പവര്‍ അഡാപ്ടറില്‍ നിന്നും കേബിള്‍ വേര്‍പെടുത്തുക എന്നതാണ് ഐ ഫോണ്‍ നനഞ്ഞാല്‍ ആദ്യം ചെയ്യേണ്ട കാര്യം. ഐഫോണില്‍ നിന്നും കേബിളില്‍ നിന്നും നനവ് പൂര്‍ണമായും നനവ് പോയ ശേഷം മാത്രമേ പിന്നീട് ചാര്‍ജ് ചെയ്യാവൂ. കേബിള്‍ വേര്‍പെടുത്തിയ ശേഷം കണക്ടര്‍ താഴേക്ക് വരും വിധം ഫോണ്‍ പിടിച്ച് കയ്യില്‍ പതിയേ തട്ടണം. അതിനകത്ത് വെള്ളം തങ്ങി നില്‍ക്കുന്നുണ്ടെങ്കില്‍ അതുകൂടി പുറത്ത് വരാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇത്രയും ചെയ്തതിന് ശേഷം വായു സഞ്ചാരമുള്ള ഇടത്ത് ഫോണ്‍ ഉണങ്ങാനായി വെക്കണം. ഉണങ്ങിക്കഴിഞ്ഞ് ഏകദേശം അരമണിക്കൂറിന് ശേഷം ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കാം. ഇങ്ങനെ ചാര്‍ജ് ചെയ്യുമ്പോള്‍ ലിക്വിഡ് ഡിറ്റക്ഷന്‍ മുന്നറിയിപ്പ് വീണ്ടും കാണിക്കുന്നുണ്ടെങ്കില്‍ വെള്ളം  മുഴുവനായി പോയിട്ടില്ലെന്ന് മനസിലാക്കി ഫോണും അനുബന്ധ ഉപകരണങ്ങളും ഒരു ദിവസത്തിലധിക സമയം വീണ്ടും ഉണങ്ങാനായി വെക്കണം. ഇത്തരത്തില്‍ ഉണക്കിയശേഷം വീണ്ടും ചാര്‍ജ് ചെയ്യാനായി നോക്കണം. വെള്ളം മുഴുവനായി പോവാന്‍ ചിലപ്പോള്‍ ഒരു ദിവസത്തിലധിക നേരം ആവശ്യമായി വന്നേക്കാം. നല്ലപോലെ ഉണങ്ങിയിട്ടും ചാര്‍ജര്‍ കയറുന്നില്ലെങ്കില്‍ അഡാപ്ടറിലേയും കേബിളിലേയും നനവ് പടര്‍ന്നിട്ടുണ്ടെന്നാണ് അര്‍ഥം.

ഈ കുറുക്കുവഴികള്‍ വേണ്ടേ വേണ്ട

ഫോണ്‍ നനഞ്ഞ് കഴിഞ്ഞാല്‍ ചിലരെങ്ങിലും  ഹെയര്‍ ഡ്രയറുകള്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് ഫോണ്‍ ചൂടാക്കാന്‍ ശ്രമിക്കും ഇത്തരത്തില്‍ ശക്തമായി ചൂട് വായു പ്രവഹിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് ഫോണിന്റെ ആരോഗ്യത്തിന് നല്ലത്. കോട്ടണ്‍ സ്വാബ്, പേപ്പര്‍ ടവല്‍ എന്നിവ കണക്ടറിനുള്ളില്‍ ഇടുന്നതും ഒട്ടും നല്ല പ്രവണതയല്ല. ഫോണ്‍ അരിച്ചാക്കില്‍ ഇടരുത്. അരിയിലെ ചെറിയ കഷ്ണങ്ങള്‍ ഫോണിനുള്ളിലേക്ക് കടന്നാല്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍‌ക്ക് ഇടയാക്കും. ചാര്‍ജര്‍ കേബിളും അഡാപ്ടറും ഫോണും ഉണങ്ങിയിട്ടും ചാര്‍ജ് കയറുന്നില്ലെങ്കില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് നില്‍ക്കാതെ ആപ്പിള്‍ സപ്പോര്‍ട്ടിനെ ബന്ധപ്പെടുന്നതാവും ബുദ്ധി.