കളിക്കുന്നതിനിടയിൽ ഇഡ്ഡലിത്തട്ടിൽ കൈ കുടുങ്ങി, കരച്ചിലും പരിഭ്രമവുമായി കുറ്റ്യാടിയിലെ രണ്ട് വയസുകാരൻ ; തട്ട് വേർപ്പെടുത്തി കുരുന്നിനെ രക്ഷിച്ച് നാദാപുരം അഗ്നിരക്ഷാ സേനേ


കുറ്റ്യാടി: കുറ്റ്യാടിയിൽ രണ്ട് വയസുകാരൻ്റെ വിരലിൽ കുടുങ്ങിയ ഇഡ്ഡലിത്തട്ട് സുരക്ഷിതമായി മുറിച്ച് മാറ്റി നാദാപുരം അഗ്നിരക്ഷാ സേന. കുറ്റ്യാടി ഒത്തിയോട്ട് കുനിയിൽ ആരിഫിൻ്റെ മകൻ അമറാണ് അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലിലൂടെ മുറിവുകളൊന്നും കൂടാതെ രക്ഷപെട്ടത്. ശനിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം.

രാവിലെ വീട്ടിൽനിന്ന് കളിക്കുന്നതിനിടയിലാണ് അബദ്ധത്തിൽ കുട്ടിയുടെ വിരലിൽ ഇഡ്ഡലിത്തട്ട് കുടുങ്ങിയത്. വിരലിൽ നിന്ന് ഇഡിലി തട്ട് വേർപെടുത്ത് മാറ്റാൻ ശ്രമങ്ങൾ നടത്തിയെങ്കിലും തട്ട് മുറിച്ചു മാറ്റുകയല്ലാതെ മറ്റ് പോം വഴികൾ ഇല്ലെന്ന് തിരിച്ചറിഞ്ഞതോടെ രക്ഷിതാക്കൾ കുട്ടിയുമായി നാദാപുരം ഫയർ സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു.

വേദനയും കരച്ചിലുമായി പരിഭ്രമത്തോടെ ഫയർ സ്റ്റേഷനിലെത്തിയ അമറിൻ്റെ കൈക്ക് മുറിവ് പറ്റാത്ത രീതിയിൽ സുരക്ഷിതമായാണ് റെസ്ക്യൂ ഓഫീസർമാർ ഇഡ്ഡലിത്തട്ട് മുറിച്ച് നീക്കം ചെയ്തത്. കുരുന്നിനെ ഒരു പോറൽ പോലുമേൽക്കാതെ രക്ഷിച്ച സ്റ്റേഷൻ ഓഫീസർ എസ്.വരുണിൻ്റെ നേതൃത്വത്തിലുള്ള റെസ്ക്യൂ ഓഫീസർമാരുടെ സംഘത്തോട് നന്ദി പറഞ്ഞാണ് ഒടുവിൽ രക്ഷിതാക്കൾ മടങ്ങിയത്.