ആംബുലൻസിലെത്തി പരീക്ഷയെഴുതി; വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഷിയോണ സുധീർ നേടിയത് ഫുൾ എ പ്ലസ്


കുറ്റ്യാടി: ആശുപത്രിക്കിടക്കയിൽ നിന്നും സ്കൂളിലെത്തി എസ്എസ്എൽസി പരീക്ഷ എഴുതിയ വിദ്യാർഥിനിക്ക് മുഴുവൻ വിഷയത്തിലും എപ്ലസ്. വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഷിയോണ സുധീർ ആണ് മികവാർന്ന വിജയം സ്വന്തമാക്കിയത്. ബയോളജി പരീക്ഷയുടെ ദിവസം ആംബുലൻസിലെത്തിയാണ് ഷിയോണ പരീക്ഷ എഴുതിയത്.

ഹിന്ദി പരീക്ഷയുടെ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു ഷിയോണ. തൊട്ടടുത്ത ദിവസം നടന്ന ബയോളജി പരീക്ഷ എഴുതാൻ എത്തിയത് ആംബുലൻസിൽ. പരീക്ഷ എഴുതണമെന്ന ഷിയോണയുടെ ആവശ്യത്തിന് ഡോക്ടർ അനുമതി നൽകുകയായിരുന്നു.

സ്കൂളിലെത്തി പരീക്ഷ എഴുതിയ ഷിയോണ ആംബുലൻസിൽ ആശുപത്രിയിലേക്ക് തിരികെ പോയി. മൊകേരി ചീക്കോന്നുംചാലിൽ സി.സി.സുധീറിന്റെയും എൻ.കെ.സിൽജയുടെയും മകളാണ്.