വ്യവസായങ്ങൾക്കായി ഒരുങ്ങി മണിമല; കുറ്റ്യാടി – മണിമല നാളികേര വ്യവസായ പാർക്കിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുന്നു


കുറ്റ്യാടി: കുറ്റ്യാടി നിയോജകമണ്ഡലത്തിലെ പ്രധാന പദ്ധതികളിലൊന്നായ കുറ്റ്യാടി -മണിമല നാളികേര വ്യവസായ പാർക്ക് പ്രവൃത്തി പുരോഗമിക്കുന്നു. ഈ വർഷം ആദ്യം തന്നെ നടന്ന വിവിധ യോഗങ്ങളിൽ ഉണ്ടായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ മണിമല നാളികേര പാർക്ക് അടുത്തവർഷം തന്നെ വ്യവസായങ്ങൾക്ക് തുറന്നു കൊടുക്കാമെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നു വരികയാണ്.

പ്രധാനമായും നാളീകേരാധിഷ്ഠിത വ്യവസായങ്ങൾക്കായി ഒരുങ്ങുന്ന 116 ഏക്കർ വിസ്തൃതിയുള്ള വ്യവസായ പാർക്ക് വടകര താലൂക്കിൽ തന്നെ ആദ്യത്തേതാണ്. റോഡിനോട് ചേർന്നുള്ള മതിൽ നിർമ്മാണം, ഗേറ്റ്, വാച്ച് റൂം ക്യാബിൻ എന്നിവ മഴക്കാലത്തിനു മുൻപ് പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതിൻറെ ഭാഗമായി 7.50 കോടി രൂപയുടെ പ്രവർത്തികൾ നടന്നു വരികയാണ്.

കഴിഞ്ഞവർഷം തന്നെ കാടു വെട്ടിത്തെളിക്കൽ പൂർത്തിയായി കഴിഞ്ഞിരുന്നു. കൂടാതെ മുഴുവൻ ഭൂമിയുടെയും ടോപ്പോഗ്രാഫിക്ക് സർവ്വേ പൂർത്തിയാക്കി. വെള്ളം,വൈദ്യുതി എന്നിവ ഈ വർഷം തന്നെ സൈറ്റിൽ ക്രമീകരിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.