‘കേരളത്തിന്റെ ടീച്ചറമ്മ ഇനി വടകരയ്ക്ക് സ്വന്തം; കെ.കെ ശൈലജയ്‌ക്കൊപ്പം വടകരയില്‍ അണിനിരന്ന് യുവത


വടകര: ‘ലോകത്ത് ഏറ്റവുമധികം തൊഴിലില്ലായ്മയുള്ള രാജ്യമായി ഇന്ത്യ മാറിയെയെന്ന്‌’ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍ക്ക് പിന്തുണ നല്‍കി വടകരയില്‍ സംഘടിപ്പിച്ച ‘യൂത്ത് വിത്ത് ടീച്ചര്‍’ യൂത്ത് അസംബ്ലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍വേയില്‍ മാത്രം 2.93 ലക്ഷം ഒഴിവുണ്ട്‌ എന്നാല്‍ കേരളത്തില്‍ ഇതല്ല സ്ഥിതി. രാജ്യത്തെ ആകെ നിയമനത്തില്‍ 40ശതമാനവും നടക്കുന്ന കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തിന്റെ ടീച്ചറമ്മ ഇനി വടകരയ്ക്ക് സ്വന്തം’ എന്ന മുദ്രാവാക്യമുയര്‍ത്തിയ റാലിയില്‍ ആയിരങ്ങളാണ് ഇന്നലെ പങ്കാളികളായത്. വഴിയോരങ്ങളില്‍ വന്‍ ജനാവലിയാണ് റാലി കാണാനായി കാത്തുനിന്നത്. എല്‍ഡിഎഫിന്റെ കരുത്ത് വിളിച്ചോതിയ റാലി പുതിയ ബസ് സ്റ്റാന്റില്‍ എത്തിയപ്പോഴേക്കും യുവജന പ്രവാഹമായി മാറിയിരുന്നു. പഴയ ബസ് സ്റ്റാന്റ് അഞ്ച് വിളക്ക് ജങ്ഷനില്‍ നിന്ന്‌ ആരംഭിച്ച റാലി പുതിയ ബസ് സ്റ്റാന്റില്‍ സമാപിച്ചു.

ശ്രീജിത്ത് മുടപ്പിലാവില്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ ബിനീഷ് പുതുപ്പണം, കവി വിമീഷ് മണിയൂര്‍, ഡിവൈഎഫ് ഐ ജില്ലാ പ്രസിഡന്റ് എല്‍.ജി ലിജീഷ്, ആര്‍വൈജെഡി സംസ്ഥാന സെക്രട്ടറി പ്രബീഷ് ആദിയൂര്‍, ഷമീര്‍ പയ്യനങ്ങാടി, കെ.വി രജീഷ്, രതീഷ് പയ്യോളി, രഞ്ജിത് വള്ളില്‍, സി.ജൂലേഷ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് രാഗവല്ലി മ്യൂസിക് ബാന്റിന്റെ സംഗീത് വിരുന്ന് അരങ്ങേറി.